apple

വാഷിംഗ്ടൺ : എല്ലാവർക്കും ഇഷ്‌ടമുള്ള പഴമാണ് ആപ്പിൾ. വിറ്റാമിനുകളുടെ കലവറ കൂടിയായ ആപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. വീട്ടിൽ ആപ്പിൾ വാങ്ങി സൂക്ഷിക്കുമ്പോൾ നമുക്ക് അറിയാം, അത് അധികനാൾ കേടുകൂടാതെ ഇരിക്കില്ല. ഫ്രിഡ്ജിൽ വച്ചാൽ പോലും ഒരു പരിധി കഴിയുമ്പോഴേക്കും ആപ്പിൾ കേടാകും. എന്നാൽ ഒരു വർഷത്തോളം ചീത്തയാകാതെയിരിക്കുന്ന ആപ്പിൾ ഉണ്ടോ ? ഇല്ലെന്നാണ് ഉത്തരമെങ്കിൽ തെറ്റി. ഒരു വർഷത്തോളം യാതൊരു കുഴപ്പവുമില്ലാതെ നിലനില്ക്കുന്ന ആപ്പിളുണ്ട്. 2 ദശാബ്ദത്തിലേറെ നടന്ന ഗവേഷണങ്ങൾക്കൊടുവിൽ അമേരിക്ക വികസിപ്പിച്ചെടുത്ത ' കോസ്മിക് ക്രിസ്പ് ' എന്ന ആപ്പിളാണ് അത്. !

ഒരു വർഷം വരെ ഫിഡ്ജിൽ സൂക്ഷിച്ചാലും രുചിയ്ക്കോ ഗുണത്തിനോ മാറ്റം വരാതെ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്നവയാണ് കോസ്മിക് ക്രിസ്പ് ആപ്പിളുകൾ. കഴിഞ്ഞ വർഷം അവസാനമാണ് ഇവ യു.എസിൽ വിപണിയിലെത്തിച്ചത്. ഹണിക്രിസ്പ്, എന്റർപ്രൈസ് എന്നീ ഇനം ആപ്പിളുകളുടെ സങ്കരഇനമാണ് കോസ്മിക് ക്രിസ്പ്. 1997ൽ വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് ആദ്യമായി ഇവ വികസിപ്പിച്ചത്. മറ്റുള്ള ആപ്പിളുകളിൽ നിന്നും ഗുണനിലവാരം കൂടിയ ഇനമാണ് ഇതെന്നാണ് നിർമാതാക്കളുടെ അവകാശവാദം. നീരും മധുരവും കൂടുതലുള്ളവയാണ് കോസ്മിക് ക്രിസ്പ് ആപ്പിളുകൾ. പത്ത് വർഷത്തേക്ക് വാഷിംഗ്ടൺ സംസ്ഥാനത്തെ കർഷകർക്കാണ് ഇവ കൃഷിചെയ്യാനുള്ള അനുമതി നൽകിയിട്ടുള്ളത്. പേര് പോലെ തന്നെ ദൃഢത കൂടിയവയാണ് ഈ ആപ്പിളുകൾ. 10 മുതൽ 12 മാസം വരെ ഫ്രിഡ്ജിൽ ഇവ ' കൂളായി ' സൂക്ഷിക്കാമെന്ന് വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നു.

നിലവിൽ 12 ദശലക്ഷത്തോളം കോസ്മിക് ക്രിസ്പ് ആപ്പിൾ മരങ്ങളാണ് വാഷിംഗ്ടണിൽ വളരുന്നത്. യു.എസിന്റെ മറ്റു ഭാഗങ്ങളിലുള്ള കർഷകർക്ക് ഇവ വളർത്താനുള്ള ലൈസൻസ് നൽകിയിട്ടില്ല.

ഡബ്ല്യൂ.എ 38 എന്നാണ് ഈ ആപ്പിളിന്റെ ശരിക്കുമുള്ള പേര്. എന്നാൽ കടും ചുവപ്പ് നിറത്തിലുള്ള തൊലിയിലെ ചെറിയ വെള്ള നിറത്തിലുള്ള പുള്ളികളാണ് ഇവയ്ക്ക് ഇങ്ങനെയൊരു പേര് ലഭിക്കാൻ കാരണം. ഏത്തപ്പഴം കഴിഞ്ഞാൽ യു.എസിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഫലവർഗം ആപ്പിളാണ്.