aditi-rao-interview

അദിതി റാവു ഹൈദരി ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നത് ഇതാദ്യമായല്ല. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ മടങ്ങിയെത്തുന്ന അദിതി മെഗാതാരം മമ്മൂട്ടിയോടൊപ്പമാണ് സിനിമാരംഗത്തേക്ക് തന്നെ ആദ്യമായി കാലെടുത്തുവയ്ക്കുന്നത്. 'പ്രജാപതി' എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ. എന്നാലും ഈ സിനിമയെ താൻ 'അഭിനയിച്ച' ചിത്രമായി അദിതി പരിഗണിക്കുന്നില്ല. താൻ ഒരു നർത്തകി മാത്രമായിട്ടാണ് 'പ്രജാപതി'യുടെ ഭാഗമായതെന്നും ചിത്രത്തിനുശേഷം ഏറെ കഴിഞ്ഞു മാത്രമാണ് താൻ ഒരു നടിയായി മാറിയതെന്നും അദിതി വ്യക്തമാക്കുന്നു. ബോളിവുഡ് സിനിമകളിൽ ഉൾപ്പെടെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത ഈ കഴിവുറ്റ നടിക്ക് താൻ ഏറ്റവും കൂടുതൽ ഒപ്പം പ്രവർത്തിച്ച, ഇന്ത്യൻ സിനിമയുടെ 'സ്പീൽബർഗ്' ആയ, സംവിധായകൻ മണിരത്നത്തെ കുറിച്ച് എത്ര സംസാരിച്ചാലും മതിയാകില്ല. തന്റെ ഇതുവരെയുള്ള, നൃത്ത, സിനിമാ ജീവിതത്തെക്കുറിച്ച് 'കേരളകൗമുദി ഓൺലൈനി'നോട് സംസാരിക്കുകയാണ് അദിതി റാവു. ഒപ്പം മലയാളത്തിലെ ആദ്യത്തെ ഒ.ടി.ടി പ്ലാറ്റ്‌ഫോം റിലീസായ 'സൂഫിയും സുജാതയെ'ക്കുറിച്ചും.

അദിതിയുടെ മണിരത്നം സിനിമകളെ കുറിച്ചാകാം ആദ്യത്തെ ചോദ്യം. അദ്ദേഹത്തിന്റെ സിനിമയിൽ അവസരം ലഭിക്കുന്ന എന്നത് ഒരു അഭിനേതാവിനെ സംബന്ധിച്ച് ഒരു ബഹുമതി കൂടിയാണ്. അഭിനയ ശേഷിക്കുള്ള അംഗീകാരമായി കൂടി കാണാമത്. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ മൂന്ന് ചിത്രങ്ങളിൽ അഭിനയിച്ച ഒരാൾക്ക്?

മണിരത്നം സാറിന്റെ സിനിമകളുടെ ഭാഗമായത് എന്നെ സംബന്ധിച്ച് വളരെയേറെ പ്രത്യേകതകളുള്ള അനുഭവമാണ്. കാരണം. അദ്ദേഹവും അദ്ദേഹത്തിന്റെ സിനിമകളും കാരണമാണ് ഞാൻ ഒരു നടിയായി തീരാൻ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ 'കാട്ര് വെളിയിടയ്', 'ചെക്ക ചിവന്ത വാനം' എന്നീ ചിത്രങ്ങളിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് അക്ഷരാർത്ഥത്തിൽ ചെറുപ്പത്തിലെ ഒരു സ്വപ്നം യാഥാർത്ഥ്യമായി മാറിയ അനുഭവമായിരുന്നു. പല അർത്ഥത്തിലും എന്റെ ജീവിതം തന്നെ മാറ്റിമറിച്ച അനുഭവം. അദ്ദേഹത്തിന്റെ ഒപ്പം നിന്നാൽ തന്നെ നമുക്ക് പല കാര്യങ്ങളും പഠിക്കാൻ പറ്റും. മണി സർ അത്തരത്തിലുള്ള ഒരു സിനിമാ സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമ കാണുമ്പോഴും അദ്ദേഹം സംവിധായകനായി പ്രവർത്തിക്കുന്ന സമയത്തും....അത് അത്ഭുതകരമാണ്...മണി സാറിനെ കുറിച്ച് സംസാരിക്കുമ്പോൾ എവിടെ തുടങ്ങണമെന്നോ എങ്ങനെ അവസാനിപ്പിക്കണമെന്നോ എനിക്കറിയില്ല.

aditi-rao1

ഒരേ സമയം എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനായി ഇരിക്കുമ്പോൾ തന്നെ അദ്ദേഹം എനിക്കൊരു മികച്ച മാർഗദർശി(മെന്റർ) കൂടിയാണ്. അദ്ദേഹത്തെ ഒരു രക്ഷാകർത്താവിന്റെ സ്ഥാനത്താണ് ഞാൻ കാണുന്നത്. അദ്ദേഹവുമായി ഇടപഴകിയതും അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിച്ചതും ഏറ്റവും മികച്ച അനുഭവമായിട്ടാണ് ഞാൻ കാണുന്നത്. അദ്ദേഹത്തെ കുറിച്ച് വേറെ എന്താണ് പറയേണ്ടതെന്നും എനിക്ക് ഇപ്പോൾ അറിയില്ല. സെറ്റിൽ ഏറ്റവും മികച്ച അന്തരീക്ഷമാണ് അദ്ദേഹം സൃഷ്ടിക്കുന്നത്.

നടീനടന്മാർ കുട്ടികളെപോലെയാണ്. അവർക്ക് സ്വാതന്ത്ര്യം ആവശ്യമാണ്. അതേസമയം തന്നെ അവർ മൃദുലമായ മനസുള്ളവരുമാണ്. ഇങ്ങനെയുള്ള ആക്ടേഴ്സിനെ മനസിലാക്കികൊണ്ടാണ് അദ്ദേഹം തന്റെ സെറ്റിൽ അവർക്ക് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്. മണി സാറിന്റെ സിനിമാ സെറ്റുകളിൽ എനിക്ക് ഒരു കൊച്ചു കുട്ടിയാകാം. ഭയം കൂടാതെയിരിക്കാം. അതേസമയം തന്നെ നിങ്ങൾക്ക് സ്വയം വളരാനും കൂടുതൽ കാര്യങ്ങൾ പഠിക്കാനുമുള്ള സാഹചര്യവുമുണ്ട്. ഒരു പ്ളേഗ്രൗണ്ടിലെ കുട്ടിയാകാൻ മണി സാർ നിങ്ങളെ അനുവദിക്കും. അദ്ദേഹം അതിനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് തരുന്നു. അദ്ദേഹത്തിൽ നിന്നും ലഭിച്ച അനുഭവങ്ങൾക്ക് എനിക്ക് എന്നും നന്ദിയുണ്ടായിരിക്കും. കഴിയുമായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ മാത്രമേ ഞാൻ അഭിനയിക്കുകയുള്ളൂ. ഞാൻ എപ്പോഴും പറയാറുള്ള കാര്യമാണത്. മണി സാറിന്റെ ഒപ്പം പ്രവർത്തിക്കുന്ന എന്ന് പറയുന്നത് നമ്മിൽ ഒരുതരം ആസക്തി ഉണ്ടാക്കുന്ന അനുഭവമാണ്. ഒരു 'വിറ്റമിൻ ബൂസ്റ്റ് ഷോട്ട്' ലഭിക്കുന്നത് പോലെയാണത്.

adito-rao7

മണി സാർ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ എനിക്ക് അവസരം തരുന്നതിനെ കുറിച്ച്....(ചിരിക്കുന്നു)...എന്നെകുറിച്ചുതന്നെ ഞാൻ സംസാരിക്കുന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു കാര്യം മാത്രം പറയാം. ഞാൻ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ആളുകൾ അവരുടെ ഒരു വിഷന്റെ ഭാഗമാകാൻ എന്നെ ക്ഷണിക്കുന്നുവെങ്കിൽ, ഞാൻ എന്തെങ്കിലും ഒരു കാര്യം ശരിയായ രീതിക്കായിരിക്കണം ചെയ്യുന്നത്. പക്ഷെ എനിക്കറിയില്ല. എന്തുകൊണ്ടാണെന്നും അതിനു പിന്നിലെ കാരണമെന്താണെന്നും. പക്ഷെ അത് ഏറ്റവും വലിയ പ്രോത്സാഹനമാണെന്ന കാര്യം തീർച്ചയാണ്. ഞാൻ സ്വപ്നം കണ്ടതും ആഗ്രഹിച്ചതുമായ കാര്യം ചെയ്യാനുള്ള പ്രോത്സാഹനം. അത് ചെയ്യുന്നത് വഴി എന്നെത്തന്നെ മെച്ചപ്പെടുത്താനും എനിക്ക് വളരാനുമുള്ള അവസരം. അത് എനിക്ക് ലഭിച്ച വലിയൊരു അനുഗ്രഹമായും ഞാൻ കാണുന്നു. അദ്ദേഹവുമായുള്ള എന്റെ മൂന്നാമത്തെ ചിത്രമായ 'പൊന്നിയിൻ സെൽവനെ' കുറിച്ച് നിലവിൽ എനിക്ക് ഒന്നും സംസാരിക്കാൻ താത്പര്യമില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചുവെങ്കിലും ഞാൻ ആ ചിത്രത്തിന്റെ ഭാഗമായിട്ടില്ല. മാത്രമല്ല ചിത്രത്തെ കുറിച്ച് അണിയറ പ്രവർത്തകർ യാതൊരു കാര്യവും പുറത്തുവിട്ടിട്ടുമില്ല.

ഭംഗിയുള്ള ഒരു മുഖം മാത്രമല്ല അദിതി റാവു ഹൈദരി, മികച്ച അഭിനേതാവെന്ന് കാണികളും നിരൂപകരും ഒരുപോലെ അദിതിയെ വിശേഷിപ്പിക്കുന്നു. ഈ വിശേഷണത്തിന് അർഹയാവാനായി കഴിവുകൾ രൂപപ്പെടുത്തിയെടുത്തത് എങ്ങനെയാണ്?

ആ അനുമോദനത്തിന് ഒരുപാട് നന്ദി. പുറമെയുള്ള സൗന്ദര്യം ഭാഗ്യം കൊണ്ട് നിങ്ങൾക്ക് കിട്ടുമായിരിക്കാം. അത് കാരണം ആളുകൾക്ക് നിങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുമായിരിക്കാം. പക്ഷെ നിങ്ങൾക്ക് കഴിവില്ലെങ്കിൽ അവർക്ക് അത് പെട്ടെന്നുതന്നെ മടുത്തുതുടങ്ങും. അതോടൊപ്പം മികച്ച വ്യക്തിത്വവും കൃത്യമായ മനസ്ഥിതിയും ആവശ്യമാണ്. അത് ദീർഘകാലം ആളുകളുടെ മനസ്സിൽ നിലനിൽക്കും. വെറും സൗന്ദര്യത്തിനു അപ്പുറമായി നിലനിൽക്കുന്നവർക്ക് ഞാനും ഏറെ ബഹുമാനം നൽകുന്നു. അതുകൊണ്ടുതന്നെ ഇത് വലിയൊരു അഭിനന്ദനമായി ഞാൻ കണക്കാക്കുന്നു. എന്റെ കരിയറിന്റെ തുടക്കത്തിൽ ഒരു സംവിധായകൻ എനിക്ക് തന്ന ഉപദേശം ഇതാണ്. 'നിങ്ങൾ എങ്ങനെയിരിക്കുന്നുവോ അങ്ങനെ തന്നെ നിങ്ങളെ എല്ലാവരും കാണും. പക്ഷെ, ആൾക്കാരുമായി നിങ്ങൾ കണക്റ്റ് ചെയ്യുന്നുണ്ടോ എന്നതും, സ്‌ക്രീനിൽ നിങ്ങൾ എന്താണ് ചെയ്യുന്നതെന്നതുമാണ് പ്രധാനം.'

aditi-rao2

സമാനമായ ഒരു കാര്യം ഒരിക്കൽ എന്റെ ഭരതനാട്യം ഗുരുവായ ലീല സാംസൺ ഒരിക്കൽ എന്നോട് പറയുകയുണ്ടായി. എന്റെ ഒരു നൃത്ത പരിപാടി ആരംഭിക്കും മുൻപായിരുന്നു അത്. 'ഷോ കഴിഞ്ഞ ശേഷം ആരെങ്കിലും നിന്നോട്, നിന്നെ കാണാൻ നല്ല ഭംഗിയുണ്ടെന്നു പറഞ്ഞാൽ, എനിക്ക് ശരിക്കും വിഷമമാകും.' അന്ന് വെറും കൗമാരക്കാരിയായിരുന്ന എനിക്ക് അവർ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായിരുന്നില്ല. പക്ഷെ ഇന്ന് എനിക്കത് മനസിലാകുന്നു. ആളുകൾ നിങ്ങളെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അവർ 'നിങ്ങളെ'യാണ് ഇഷ്ടപ്പെടേണ്ടത്. ഞാൻ എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്, എന്റെ തിരഞ്ഞെടുപ്പുകൾ എന്തൊക്കെയാണ്,എന്റെ കഴിവുകൾ എന്തെല്ലാമാണ്...ഈ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി വേണം ഞാൻ അവർക്ക് പ്രിയപ്പെട്ടവളാകേണ്ടത്. സൗന്ദര്യം കാരണമാണ് എന്നെ അവർ ഇഷ്ടപ്പെടുന്നെതെങ്കിൽ അത് അധികനാൾ നിലനിൽക്കില്ല. സൗന്ദര്യം നല്ലതാണ്. അതൊരു ബോണസുമാണ്. എന്നാൽ നിങ്ങളുടെ മനോഭാവവും കഴിവുകളുമാണ് ഏറെക്കാലം അവരുടെ മനസുകളിൽ നിലനിൽക്കുക. ഞാൻ അഭിനയിക്കാനാണ് വന്നത്. ഒരു കഥാപാത്രത്തോട് നീതി കാട്ടുകയാണ് എന്റെ കടമ. അതിനായി ഞാൻ സഹിക്കുന്ന കഷ്ടപ്പാടുകളിലാണ് കാര്യം. എന്റെ സൗന്ദര്യവും ഞാനുമായി കാര്യമായ ബന്ധമൊന്നുമില്ല. എന്റെതന്നെ ഏറ്റവും മികച്ച പതിപ്പ് ആകാനാണ് ഞാൻ എപ്പോഴും ശ്രമിക്കുക.

'സൂഫിയും സുജാതയും'...ചിത്രത്തിലെ കഥാപാത്രത്തെ എങ്ങനെയാണ് ഉൾക്കൊണ്ടത്?

ശുദ്ധ ഹൃദയത്തിനുടമയായ, നിഷ്കളങ്കയായ, വളരെ 'ലവിംഗ്' ആയ ഒരു പെൺകുട്ടിയാണ് സുജാത. അതേസമയം തന്നെ, വളരെയേറെ ധീരയുമാണവൾ. സുജാതയുടെ ഏറ്റവും വലിയ സവിശേഷതകൾ സത്യമുള്ള സ്നേഹവും ഭയമില്ലായ്മയുമാണ്. അവളിൽ ഞാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഇവയാണ്. സുജാത ഊമയും കൂടിയാണ്. എനിക്ക് തോന്നുന്നു, ആദ്യമായാണ് ഊമയായ ഒരു കഥാപാത്രത്തെ ഞാൻ അവതരിപ്പിക്കുന്നത്. എനിക്ക് വളരെ പ്രചോദനം നൽകുന്ന ഒരു കഥാപാത്രം കൂടിയാണ് സുജാത. സുജാതയെ ഉൾക്കൊള്ളുന്നതിലൂടെ എന്റെ മനസ് അൽപ്പം കൂടി തുറന്നുവയ്ക്കാനും ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. ലാളിത്യം, സ്നേഹം, മനുഷ്യർ, നിഷ്കളങ്കത എന്നീ കാര്യങ്ങളെ കുറിച്ച് സുജാത എനിക്ക് ഏറെ അറിവ് പകർന്നുതന്നു. ഇക്കാര്യങ്ങളാണ് ഒരാൾക്ക് ധീരത പകർന്നുനൽകുന്നതെന്നും അവൾ എന്നെ പഠിപ്പിച്ചു.

'സൂഫി'യിൽ, മലയാളത്തിലെ ഏറ്റവും മികച്ച യുവനടന്മാരിൽ ഒരാളായ ജയസൂര്യയുമായാണ് അദിതി സ്ക്രീൻ പങ്കിടുന്നത്... ആ അനുഭവത്തെകുറിച്ച്?

അദ്ദേഹം ഗംഭീരനായ ഒരു നടനാണ്, അനുഭവപരിചയമുള്ള നടീനടന്മാരുമായി പ്രവർത്തിക്കുമ്പോഴാണ് അഭിനയത്തിന്റെ സൂക്ഷ്മവശങ്ങൾ മനസിലാക്കുക. വെറും ഒരുനോട്ടം കൊണ്ടുമാത്രം ഒരു സീനിന്റെ നിലവാരം ഉയർത്താമെന്നത് അദ്ദേഹത്തിൽ നിന്നും നമുക്ക് പഠിക്കാനാകും. സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ഏറെ മനോഹരമാണ്. അദ്ദേഹം ഈ സിനിമയുടെ ഭാഗമായി വന്നതിൽ ഞാൻ എന്റെ നന്ദി അറിയിക്കുകയാണ്. കാരണം, അടിസ്ഥാനപരമായി 'സൂഫിയും സുജാതയും' ഒരു പ്രണയകഥയാണ്. ചിത്രത്തിന്റെ ഭൂരിഭാഗവും സുജാതയെ ചുറ്റിപ്പറ്റിയാണ് നിൽക്കുന്നത്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ സാധിച്ചതും അദ്ദേഹം അഭിനയിക്കുന്നത് കാണാനായതും മികച്ച അനുഭവം തന്നെയായിരുന്നു.

aditi-rao3

കൊവിഡ് രോഗത്തിന്റെ സാഹചര്യം കാരണം, ഒരു ഒ.ടി.ടി പ്ലാറ്റ്ഫോം ആയ 'പ്രൈം വീഡിയോ'യിലൂടെ മാത്രമാണ് 'സൂഫിയും സുജാതയും' ജനങ്ങളുടെ മുന്നിലേക്ക് എത്തുന്നത്. ഇതൊരു പോരായ്മയായി തോന്നുന്നുണ്ടോ?

അത് എന്തുകൊണ്ട് ഒരു പോരായ്മയാകണം? ഒ.ടി.ടി മികച്ച ഒരു പ്ലാറ്റ്ഫോം തന്നെയാണ്. അവിടെ മികച്ച വർക്കുകൾക്കാണ് സ്ഥാനം ലഭിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമിൽ കണ്ടന്റ് ആണ് കിംഗ്. ഒരൊറ്റ ദിവസം കൊണ്ടുമാത്രം ലക്ഷക്കണക്കിന് വീടുകളിൽ സിനിമയെ എത്തിക്കാൻ ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും. മാത്രമല്ല, മലയാളം സിനിമയ്ക്ക് ഒ.ടി.ടി പ്ലാറ്റുഫോമുകളിൽ വളരെയേറെ കാണികളുമുണ്ട്. ഇന്നത്തെ കാലത്ത് മാദ്ധ്യമത്തിലല്ലല്ലോ കാര്യം? ഉളളടക്കത്തിലല്ലേ? ഞാൻ തീയേറ്റർ വഴി ചിത്രം റിലീസ് ചെയ്യുന്നത് ഇഷ്ടപ്പെടുന്ന ആൾ തന്നെയാണ്. 'സൂഫിയും സുജാതയും' ആ രീതിയിൽ റിലീസ് ചെയ്യാൻ ഇരുന്നതുമാണ്. തീയേറ്റർ വഴി റിലീസ് ചെയ്യാൻ ഉദ്ദേശിച്ചുകൊണ്ടുതന്നെയാണ് ചിത്രം നിർമ്മിച്ചതും.

പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒ.ടി.ടി ധീരമായ ഒരു തീരുമാനമായിരുന്നു. 'ആമസോൺ പ്രൈം' ഞങ്ങളെ കാര്യമായി പിന്തുണയ്ക്കുകയും സിനിമയുടെ നിർമാതാക്കൾ അതിനുള്ള ധൈര്യം കാട്ടുകയും ചെയ്തു. അത് ഒരു അനുഗ്രഹമായി മാറുകയായിരുന്നു. കാരണം നിരവധി പേരിലേക്കാണ് ഞങ്ങളുടെ സിനിമ എത്താൻ പോകുന്നത്. മാത്രമല്ല ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ വഴി ഒറ്റത്തവണയല്ല സിനിമ കാണാൻ ആവുക എന്നതും മറ്റൊരു ഗുണമാണ്. മലയാള സിനിമയിൽ ആദ്യമായി ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ചിത്രം പുറത്തിറക്കുന്നത് ഞങ്ങളാണ് എന്നുള്ളതും അഭിമാനം നൽകുന്ന കാര്യമാണ്.

aditi-rao4

ഒ.ടി.ടി പ്ലാറ്റ്ഫോം വഴിയുള്ള റിലീസിനെതിരെ തീയറ്റർ ഉടമകൾ എതിർപ്പുമായി വരുന്ന സാഹചര്യത്തെ എങ്ങനെ കാണുന്നു?

നോക്കൂ, ഞാൻ ഒരു നടിയാണ്. എന്റെ ഭാഗത്തുനിന്നും പറയുകയാണെങ്കിൽ, തീയറ്റർ വഴി റിലീസ് ചെയ്യുന്നത് എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യം തന്നെയാണ്. എഫ്.ഡി.എഫ്.എസ്, തീയറ്റർ പകർന്നുനൽകുന്ന ആ മാന്ത്രികാനുഭവം...എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ ഇപ്പോൾ നമ്മൾ ഒരു സാഹചര്യത്തെ നേരിടുകയാണ്. സിനിമയ്ക്കായി പണം മുടക്കുന്നവരും നിർമാതാക്കളും അതുമൂലം പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധി കാരണം, നിരനിരയായി ചിത്രങ്ങൾ റിലീസിനായി കാത്തിരിക്കുന്നു. പക്ഷെ, ഇത്തരം തീരുമാനങ്ങളെക്കുറിച്ച് കൂടുതൽ നന്നായി സംസാരിക്കാൻ കഴിയുക മറ്റ് ആൾക്കാർക്കാണ്. ഞാൻ ഒരു നടിയാണ്. കണ്ടന്റ് ആണ് എപ്പോഴും പ്രധാനം. അതോടൊപ്പം ടീമും, എന്റെ സംവിധായകനും, സിനിമയും, അതിനു പിന്നിലെ സാമ്പത്തിക കാര്യങ്ങളും പ്രധാനമാണ്. ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാനാകുക നിർമാതാവിനും വിതരണക്കാരനും മറ്റുമാണ്. ഇതേക്കുറിച്ച് സംസാരിക്കാൻ സാധിക്കുന്ന ഒരു സ്ഥാനത്തല്ല ഞാൻ നിൽക്കുന്നത്.

അദിതി ആദ്യമായി അഭിനയിച്ചത് തമിഴ് ചിത്രമായ 'ശൃംഗാര'ത്തിലാണെങ്കിലും ആദ്യം പുറത്തിറങ്ങിയത് മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച മലയാള ചിത്രമായ 'പ്രജാപതി'യാണ്?

മലയാളത്തിലായിരുന്നില്ല എന്റെ തുടക്കം. തമിഴ് ചിത്രത്തിൽ ഒരു നർത്തകി ആയിട്ടായിരുന്നു സിനിമയിലെ എന്റെ ആരംഭം. 'പ്രജാപതി'യിൽ ഒരു ഡാൻസർ ആയിട്ടുള്ള ചെറിയ വേഷമായിരുന്നു എനിക്ക്. കാരണം...ഒരു ഡാൻസറെ അവർക്ക് ആവശ്യമായിരുന്നിരിക്കാം. മലയാളത്തിലേത് എന്റെ ആദ്യ ചിത്രമായിരുന്നില്ല. അത് എന്റെ ഒരു ചിത്രമായി എനിക്ക് കാണാൻ സാധിക്കില്ല. അങ്ങനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. ഒരു ഡാൻസർ ആയി മാത്രമായിരുന്നു ഞാൻ മലയാള ചിത്രത്തിലേക്ക് വന്നത്. ഒരു നടി ആയിട്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഞാൻ എന്റെ ആദ്യ ചിത്രമായി അതിനെ പരിഗണിക്കുന്നില്ല. 'ശൃംഗാരം' ചെയ്യുമ്പോൾ പോലും ഞാൻ ഒരു നടിയായി മാറിയിരുന്നില്ല. ചിത്രത്തിന്റെ കഥ ഒരു നർത്തകിയെക്കുറിച്ചായിരുന്നതിനാൽ, സന്ദർഭവശാൽ ഞാൻ അതിലേക്ക് വന്നുവെന്നേയുള്ളൂ. 'ശൃംഗാരം' എന്റെ ചിത്രമായി ഞാൻ കണക്കാക്കുന്നു. പക്ഷെ 'പ്രജാപതി' എന്റെ ചിത്രമായിരുന്നില്ല. മറ്റുള്ള കഥാപാത്രങ്ങൾക്കായിരുന്നു അതിൽ പ്രാമുഖ്യം. ഞാൻ ഒരു നർത്തകി ആയിട്ടു മാത്രമായിരുന്നു അതിലേക്ക് വന്നത്. ഒരു ചെറിയ വേഷം ചെയ്യാൻ മാത്രം.

aditi-rao5

'പ്രജാപതി'യിൽ ചെറിയ വേഷത്തിലേക്ക് ഒതുക്കപ്പെട്ടുവെന്ന് തോന്നുന്നുണ്ടോ?

അങ്ങനെ ഞാൻ ഒരിക്കലും കരുതുന്നില്ല. 'സൂഫിയും സുജാത'യുമായി അണിയറപ്രവർത്തകർ എന്നെ സമീപിക്കുകയായിരുന്നു. ഞാൻ അത് തിരഞ്ഞെടുക്കുകയും ചെയ്തു. ഒരു നടിയായ ശേഷമാണ് ഞാൻ 'സൂഫിയും സുജാതയും' എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. വളരെ മനോഹരമായ തിരക്കഥയാണ് ചിത്രത്തിന്റേത്. ചിത്രത്തിലെ എന്റെ കഥാപാത്രം വളരെ മികച്ചതുമാണ്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നു. ഒരു നടിയെന്ന ഞാൻ ചെയ്ത ചിത്രങ്ങളെല്ലാം വളരെ ആസ്വദിച്ചാണ് ഞാൻ ചെയ്തത്. എന്റെ കഥാപാത്രത്തിന് സിനിമയിൽ 20 മിനിറ്റ് മാത്രം ലഭിച്ചാലും രണ്ട് മണിക്കൂർ ലഭിച്ചാലും, കാണികൾ ഞാൻ ചെയ്ത കഥാപാത്രത്തെ അവരുടെ ഹൃദയങ്ങളിൽ സ്വീകരിക്കുകയാണെങ്കിൽ അതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. തിരക്കഥകൾ തിരഞ്ഞെടുക്കുമ്പോൾ ധീരമായ തീരുമാനങ്ങൾ എടുക്കാനാണ് ഞാൻ ശ്രമിക്കുക. ചിലപ്പോൾ ഞാൻ സംവിധായകനെ കണ്ടുകൊണ്ടാകും തിരക്കഥ തിരഞ്ഞെടുക്കുക., മറ്റു ചിലപ്പോൾ ചിത്രത്തിലെ അഭിനേതാവിനെ കണ്ടുകൊണ്ടാകും എന്റെ തീരുമാനം. പക്ഷെ ഏറ്റവും വലിയ കാര്യം, ചിത്രം അത് കാണുന്നയാളിന് പ്രിയപ്പെട്ടതായിരിക്കണം എന്നതാണ്. തിരക്കഥ തിരഞ്ഞെടുക്കുമ്പോൾ അക്കാര്യത്തിനാണ് ഞാൻ ഏറ്റവും കൂടുതൽ പ്രധാന്യം നൽകുന്നത്.

മലയാളത്തിന്റെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ ശോഭനയുമായാണ് അദിതിയെ പലരും താരതമ്യപ്പെടുത്തുന്നത്. അത് പക്ഷെ മുഖസാദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല, അഭിനയശേഷിയുടെ പേരിൽ കൂടിയാണ്. മാത്രമല്ല രണ്ടുപേരും മികച്ച നർത്തകിമാർ കൂടിയാണ്?

അത് വളരെ സന്തോഷം തരുന്ന കാര്യമാണ്. അത്തരം ഒരു വലിയ സ്ഥാനത്തിരിക്കുന്ന നടിയുമായി എന്നെ താരതമ്യം ചെയ്യുന്നത് തീർച്ചയായും സന്തോഷമാണ്. അങ്ങേയറ്റം അനുഭവപരിചയമുള്ള നടിയാണ് ശോഭന. വളരെയേറെ നേട്ടങ്ങളും അവർ സ്വന്തമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ മികച്ച ഒരു ഡാൻസർ കൂടിയാണ് അവർ. ശോഭനയെ മലയാളികൾ എത്രമാത്രം സ്നേഹിക്കുന്നുവെന്നും എനിക്ക് അറിയാവുന്നതാണ്. അതുകൊണ്ട്, ആ നിലയിലുള്ള ഒരാൾക്ക് സമാനമായി എന്നെ കാണുന്നുവെന്നത് ഒരേസമയം വലിയ അംഗീകാരവും അതേസമയം ഭാരിച്ച ഉത്തരവാദിത്തവുമായി ഞാൻ കരുതുന്നു. ഇക്കാര്യം എന്നെ അഗാധമായി സ്പർശിക്കുകയും ചെയ്യുന്നു. അതേസമയം നമുക്ക് എല്ലാവർക്കും നമ്മുടേതായ സഞ്ചാരപഥവും നമുക്ക് മാത്രം അവകാശപ്പെട്ട വ്യത്യസ്തതകളുമുണ്ട്. ഇതൊരു വലിയ ആദരമായി തന്നെ ഞാൻ കാണുന്നു. കൂടുതലായി എനിക്ക് എന്ത് പറയണമെന്ന് അറിയില്ല. ഒരുപാട് നന്ദി.

aditi-rao6

മലയാളത്തിൽ ഇനിയും കൂടുതൽ ചിത്രങ്ങളിൽ അദിതിയെ കാണാനാകുമെന്ന് പ്രതീക്ഷിക്കാമോ?

ഞാൻ സിനിമകളെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ വേർതിരിക്കാൻ ഇഷ്ടപ്പെടുന്നില്ല. ഞാൻ എപ്പോഴും നോക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ ആരാണെന്നും, അതിന്റെ ഉള്ളടക്കം എന്താണെന്നും, അതിൽ ആരാണ് അഭിനയിക്കുന്നതെന്നുമാണ്. അതോടൊപ്പം തന്നെ എന്റെ കഥാപാത്രം, കഥ, അണിയറപ്രവർത്തകർ എന്നീ കാര്യങ്ങൾക്കും ഞാൻ പ്രധാന്യം നൽകുന്നു. ചലച്ചിത്രങ്ങൾ വികാരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വികാരങ്ങൾക്ക് ഭാഷയില്ല. എനിക്ക് ഈ കാര്യങ്ങളാണ് പ്രധാനമായിട്ടുള്ളത്. ഞാൻ സംസാരിക്കുന്ന ഭാഷ പ്രസക്തമല്ല. എനിക്ക് ഇഷ്ടമുള്ള സംവിധായകരാണെങ്കിൽ, നടീനടന്മാർ ചിത്രത്തിന്റെ ഭാഗമായി ഉണ്ടെങ്കിൽ, ഭാഷ ഏതായാലും പ്രശ്നമില്ല. എനിക്ക് ആ ചിത്രത്തിന്റെ ഭാഗമാകാൻ ഏറെ താത്പര്യമുണ്ടാകും. അതിപ്പോൾ ഭാഷ സ്പാനിഷ് ആയാൽപോലും അങ്ങനെ തന്നെ ആയിരിക്കും.