ജനീവ: ഹോങ്കോംഗ് പ്രതിഷേധം ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച് ഇന്ത്യ. ടിക് ടോക്ക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ പിൻവലിച്ചതിനു പിന്നാലെയാണ് ഇന്ത്യ ഹോംങ്കോംഗ് വിഷയത്തിലും നിലപാട് വ്യക്തമാക്കിയത്. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ രാജീവ് കുമാർ ചന്ദറാണ് മനുഷ്യാവകാശ കൗൺസിലിന്റെ 44-ാമത് സെഷനിൽ ഇക്കാര്യം അവതരിപ്പിച്ചത്. 2019 ജൂണിൽ ആരംഭിച്ച പ്രതിഷേധത്തെ കുറിച്ച് ഇതാദ്യമായാണ് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ സംസാരിക്കുന്നത്. 'ഹോംങ്കോംഗ് സംഭവവികാസങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്ന നിരവധി പ്രസ്താവനകൾ ഞങ്ങൾ കേട്ടിട്ടുണ്ട്. ബന്ധപ്പെട്ട കക്ഷികൾ ഇക്കാര്യങ്ങൾ ഉചിതമായും ഗൗരവത്തോടെയും വസ്തുനിഷ്ഠമായും അഭിസംബോധന ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.' എന്നാണ് രാജീവ് കുമാർ പറഞ്ഞത്.