go

ന്യൂയോർക്ക്: ചൈനയിൽ വൻ വ്യാജ സ്വർണ നിക്ഷേപമെന്ന് റിപ്പോർട്ട്. വുഹാനിലാണ് പണയം വച്ച സ്വർണത്തിന്റെ 80 ശതമാനവും വ്യാജമാണെന്ന് കണ്ടെത്തിയത്. അടുത്തിടെ നടന്ന ഏറ്റവും വലിയ വ്യാജ സ്വർണ നിക്ഷേപമാണിത്. 16 ലക്ഷം കോടി യുവാൻ ( 1,68,96,80,51,520 ഇന്ത്യൻ രൂപ) ലോണെടുക്കുന്നതിനു വേണ്ടിയാണ് പ്രശസ്ത സ്വർണ സംസ്കരണ, ജ്വല്ലറി കമ്പനിയായ കിൻഗോൾഡ് 83 ടൺ സ്വർണക്കട്ടികൾ പണയം വച്ചത്. ഇതാണ്, പകുതിയിലേറെയും വ്യാജമാണെന്ന് കണ്ടെത്തിയത്. ചൈനയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ സ്വകാര്യ ജ്വല്ലറി കമ്പനിയാണ് കിൻഗോൾഡ്.

ബീജിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈക്സിൻ എന്ന മാദ്ധ്യമശൃഖലയാണ് ഈ വിവരം പുറത്തുവിട്ടത്.

ചൈനയുടെ മൊത്തം കരുതൽ സ്വർണത്തിന്റെ 22 ശതമാനവും വുഹാനിലെ കരുതൽ സ്വർണത്തിന്റെ നാലു ശതമാനവും വരും കിൻഗോൾഡ് പണയം വച്ച സ്വർണം. ഇതോടെ ചൈനയുടെ ഔദ്യോഗിക കരുതൽ സ്വർണത്തിന്റെ നാലു ശതമാനവും വ്യാജ സ്വർണമായിരിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. വ്യാജ സ്വർണ നിക്ഷേപത്തിനു പിന്നിൽ സ്വർണ വ്യാപാരികളും ജ്വല്ലറി ഉടമകളും പങ്കുവഹിക്കുന്നുണ്ടെന്നും പുറത്തുവരുന്ന റിപ്പോർട്ടുകളിൽ ആക്ഷേപമുണ്ട്. ചൈനയിലെ തന്നെ പ്രശസ്ത സ്വർണ ഉരുക്കു വിതരണ നിർമ്മാണ കമ്പനിയാണ് കിൻഗോൾഡ്. കമ്പനിക്കെതിരെ ബാങ്കുകൾ പരാതി നൽകിയെങ്കിലും സ്വർണം തിരിച്ചെടുക്കാൻ അവർ തയാറായില്ലെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി കിൻഗോൾഡ് കമ്പനി നടത്തിയിരിക്കുന്ന പണയ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.