തിരുവനന്തപുരം : തലസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഒമ്പതുപേരിൽ നാലുപേർക്ക് രോഗം പകർന്നത് സമ്പർക്കത്തിലൂടെ. എന്നാൽ ഇവർക്ക് രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് അറിയാത്തത് ആശങ്ക ഉയർത്തുന്നു. രോഗബാധിതരായ ആലുവിള സ്വദേശിക്കും തുമ്പ സ്വദേശിക്കും യാത്രാപശ്ചാത്തലമില്ല. സാഫല്യം കോംപ്ലക്സിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിയും വഞ്ചിയൂരിലെ ലോട്ടറി വിൽപ്പനക്കാരനുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മറ്റ് രണ്ടുപേർ.
തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരെക്കുറിച്ച് അധികൃതർ നൽകുന്ന വിവരങ്ങൾ ഇപ്രകാരമാണ്.
ജൂൺ 18ന് കുവൈറ്റിൽ നിന്നും നെടുമ്പാശേരിയിലെത്തിയ പോങ്ങുംമൂട് സ്വദേശിയായ 45 കാരി. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 30ന് കൊവിഡ് പരിശോധന നടത്തി. ജൂൺ 23ന് പൂനെയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ കാട്ടാക്കട സ്വദേശി 20കാരൻ. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 26ന് പരിശോധന നടത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ 47കാരൻ. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 26ന് പരിശോധന നടത്തി. തുമ്പ സ്വദേശി 25 കാരൻ. യാത്രാപശ്ചാത്തലമില്ല. ജൂൺ 26ന് രോഗലക്ഷണങ്ങൾ പ്രകടമായി. തുടർന്ന് ജൂൺ 29ന് പരിശോധന നടത്തി. അന്യസംസ്ഥാന തൊഴിലാളിയായ ആസാം സ്വദേശി 2 കാരൻ. പാളയം സാഫല്യം കോംപ്ലക്സിൽ ജോലിചെയ്തുവരുന്നു. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 29ന് പരിശോധന നടത്തി. ചാന്നാങ്കര, വെട്ടുതറ സ്വദേശിനി രണ്ടുവയസുകാരി. കുവൈറ്റിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തി. ജൂൺ 26ന് പരിശോധന നടത്തി. വഞ്ചിയൂർ, കുന്നുംപുറം സ്വദേശി ലോട്ടറി വിൽപ്പനക്കാരനായ 45 കാരൻ. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെതുടർന്ന് ജൂൺ 29ന് പരിശോധന നടത്തി. ജൂലായ് ഒന്നിന് അബുദാബിയിൽ നിന്നും കൊച്ചിയിലെത്തിയ വഞ്ചിയൂർ, കുന്നുകുഴി സ്വദേശി 47 കാരൻ. രോഗലക്ഷണങ്ങൾ പ്രകടമായതിനെതുടർന്ന് ജൂലൈ ഒന്നിന് കൊറോണ പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. ഒമാനിൽ നിന്ന് കൊച്ചിയിലെത്തിയ തിരുവനന്തപുരം സ്വദേശി 65 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു.
ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ജില്ലയിൽ കൂടുന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് ജില്ലാഭരണകൂടം കടക്കാൻ സാധ്യതയുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് യോഗം കൂടുകയാണ്.