പുരുഷന്മാർക്കുള്ള ബ്രാൻഡ് 'ഗ്ളോ ആൻഡ് ഹാൻസം"
മുംബയ്: ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ജനപ്രിയ സ്കിൻകെയർ ക്രീമായ ഫെയർ ആൻഡ് ലവ്ലി ഇനി 'ഗ്ളോ ആൻഡ് ലവ്ലി" എന്ന് അറിയപ്പെടും! ഏതാനും മാസങ്ങൾക്കകം ഗ്ളോ ആൻഡ് ലവ്ലി ബ്രാൻഡിൽ ഉത്പന്നങ്ങൾ വിപണിയിലെത്തുമെന്ന് കമ്പനി വ്യക്തമാക്കി. പുരുഷന്മാർക്കുള്ള ഫെയർ ആൻഡ് ലവ്ലി ഉത്പന്നങ്ങളുടെ പുതിയ പേര് 'ഗ്ളോ ആൻഡ് ഹാൻസം"" എന്നാണ്.
ആഗോളതലത്തിൽ വിവിധ സ്കിൻകെയർ കമ്പനികളുടെ പരസ്യവാചകങ്ങൾക്കെതിരെ വർണവിവേചനം ആരോപിച്ച് പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ്, ഒരാഴ്ച മുമ്പ് 'ഫെയർ" എന്ന പേര് ഒഴിവാക്കുമെന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ പ്രഖ്യാപിച്ചത്. എല്ലാവർക്കും സ്വീകാര്യമായ വിധം ഉത്പന്നങ്ങളെ പുനഃക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മേത്ത പറഞ്ഞു. മറ്രൊരു കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ ഇന്ത്യയിലും ഗൾഫിലും ഫെയർനെസ് ക്രീം ബിസിനസ് അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡ് എന്ന വ്യക്തി പൊലീസുകാരുടെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടതിനെ തുടർന്നാണ്, ആഗോളതലത്തിൽ വർണവിവേചനത്തിനെതിരെ പ്രതിഷേധം രൂക്ഷമായത്.