modiyy

ന്യൂഡൽഹി: മാർച്ച് 25ന് ലോക്ഡൗൺ രാജ്യമാകെ പ്രഖ്യാപിച്ച ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌തപ്പോൾ അദ്ദേഹത്തിന്റെ രൂപം കാര്യമായ മാറ്രമൊന്നുമുണ്ടായിരുന്നില്ല. തലമുടിയും ക്രമീകരിച്ച താടിയുമുള്ള സ്ഥിരം രൂപം തന്നെയായിരുന്നു അദ്ദേഹത്തിന് അന്ന്. എന്നാൽ അൺലോക്-2 രാജ്യത്ത് നടപ്പാക്കി കഴിഞ്ഞ ഈ ആഴ്ചയിൽ ടിവിയിൽ കാണുന്ന പ്രധാനമന്ത്രിയുടെ രൂപം ശ്രദ്ധിച്ചവർക്കറിയാം അദ്ദേഹം താടി നീട്ടി വളർത്തിയിരിക്കുന്നു.

ജനസമ്പർക്കം ഒഴിവാക്കാനും, വീട്ടിലിരുന്ന് ജോലി ചെയ്ത് സമൂഹവ്യാപനം ഇല്ലാതെയാക്കാനും കൊവിഡ് രോഗത്തെ അങ്ങനെ നിയന്ത്രിക്കാനും സ്വയം മാതൃകയാകുകയാണ് പ്രധാനമന്ത്രി എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാവുന്നത്. ജനങ്ങൾ കൂടുന്ന മാർക്കറ്റുകൾ മറ്റ് ആഘോഷ സ്ഥലങ്ങൾ എന്നിങ്ങനെ സ്ഥലങ്ങളിൽ കഴിവതും പോകാതിരിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുകയും മറ്റ് സുരക്ഷാ മുൻകരുതലുകളും എടുക്കുക. സുഹൃത്തുക്കളുമായി സംസാരിക്കാൻ വീഡിയോ ചാറ്റ് പോലെയുള‌ള ആപ്പുകൾ ഉപയോഗിക്കുക. ഇങ്ങനെ ഉത്തരവാദിത്വമുള‌ള പൗരനാകാനാകാൻ സ്വയം മാതൃകയാകുകയാണ് പ്രധാനമന്ത്രി. രാജ്യത്ത് അനുദിനം കൊവിഡ് രോഗം വർദ്ധിച്ചുവരുന്ന ഈ സമയം ഉത്തരവാദിത്വവും ജാഗ്രതയും വഴി നമുക്ക് നമ്മെയും സമൂഹത്തെയും സംരക്ഷിക്കാം.