കോട്ടയം: കോട്ടയത്ത് കൊവിഡ് രോഗമുക്തി നേടിയ യുവതിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. ജൂൺ 19ന് ഷാർജയിൽനിന്നെത്തിയ 27കാരിയായ പായിപ്പാട് സ്വദേശിനിക്കാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. മേയ് 10ന് ഷാർജയിൽ വെച്ച് ഇവരുടെ സ്രവം പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മേയ് 28നും ജൂൺ മൂന്നിനും നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയി. ജൂൺ 19ന് യുവതി കേരളത്തിലെത്തി. തുടർന്ന് ഹോം ക്വാറന്റീനിലായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ജൂൺ 30ന് സ്രവം പരിശോധനയ്ക്ക് എടുക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
പായിപ്പാട് സ്വദേശിനി ഉൾപ്പെടെ ഒമ്പതുപേർക്കാണ് ഇന്ന് കോട്ടയത്ത് കോവിഡ്19 സ്ഥിരീകരിച്ചത്. ഇതിൽ നാലുപേർ ഒരു കുടുംബത്തിൽനിന്നുള്ളവരാണ്. മുംബയിൽനിന്നെത്തിയ മറിയപ്പള്ളി സ്വദേശി (48), ഇദ്ദേഹത്തിന്റെ ഭാര്യ (36), ഇവരുടെ 12ഉം ഏഴും വയസുള്ള ആൺമക്കൾ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബയിൽനിന്ന് വിമാനമാർഗം ജൂൺ 26നാണ് കുടുംബം നാട്ടിലെത്തിയത്. ഇവർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.