റോം : ഇറ്റലിയിലെ അരെറ്റ്സോ മേഖലയിൽ പൂച്ചകൾക്ക് മേൽ ജാഗ്രത കർശനമാക്കി അധികൃതർ. ഇവിടുത്തെ ഒരു വീട്ടിലെ വളർത്തു പൂച്ചയ്ക്ക് അപൂർവ റാബിസ് സാദൃശ്യമുള്ള വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മുമ്പ് 2002ൽ കൊക്കേഷ്യയിൽ പേവിഷ ബാധയ്ക്ക് കാരണക്കാരായ റാബിസ് വൈറസിനോട് സാദൃശ്യമുള്ള വൈറസുകളെ കണ്ടെത്തിയിരുന്നു. ഈ വൈറസ് തന്നെയാണ് ഇപ്പോൾ അരെറ്റ്സോയിലും റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നാണ് നിഗമനം.
ലൈസാ വൈറസുകളുടെ കുടുംബത്തിൽപ്പെടുന്ന ഇവ പൂച്ചകൾ ഉൾപ്പെടെയുള്ള മൃഗങ്ങളിൽ പടർന്നു പിടിക്കുന്നത് അപകടം സൃഷ്ടിക്കും.
വളർത്തു പൂച്ചകളിലോ തെരുവിൽ കഴിയുന്ന പൂച്ചകളിലോ പേ വിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അധികൃതരുമായി ബന്ധപ്പെടണമെന്ന് അരെറ്റ്സോയിലെ പ്രാദേശിക ഭരണകൂടം ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ വൈറസ് ബാധ കണ്ടെത്തിയ പൂച്ചയ്ക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മാസമാണ് തങ്ങളുടെ പൂച്ച ആക്രമ സ്വഭാവം കാണിക്കുന്നതായും വീട്ടിലെ മൂന്ന് അംഗങ്ങളെ കടിച്ചതായും ഉടമകൾ ആരോഗ്യപ്രവർത്തകരെ അറിയിച്ചത്. പരിശോധിക്കുന്നതിനിടെ ഡോക്ടറെയും രണ്ട് വയസുള്ള പൂച്ച ആക്രമിച്ചു. തുടർന്ന് മറ്റൊരു ക്ലിനിക്കിലേക്ക് മാറ്റിയെങ്കിലും പൂച്ച ചത്തു. ഇതിന് ശേഷം നടന്ന പരിശോധനയിലാണ് വൈറസ് ബാധയേറ്റ കാര്യം സ്ഥിരീകരിച്ചത്. കടിയേറ്റ മൂന്ന് പേർ ഉൾപ്പെടെ പൂച്ചയുമായി ഇടപഴകിയ 13 പേരെ ആന്റിബോഡി ചികിത്സയ്ക്ക് വിധേയമാക്കി.
പൂച്ചയുടെയോ വളർത്തുനായയുടെയോ കടിയേറ്റവർ ഉണ്ടെങ്കിൽ അധികൃതരെ അറിയിക്കണമെന്നും ഇത്തരക്കാർ 10 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നുമുള്ള സർക്കുലർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുണ്ട്. ഓഗസ്റ്റ് 27 വരെ ഈ സർക്കുലർ നിലനില്ക്കും. വൈറസ് ബാധ സ്ഥിരീകരിച്ച പൂച്ച കഴിഞ്ഞിരുന്ന വീടിന് സമീപത്തെ വവ്വാലിന്റെ സാന്നിദ്ധ്യത്തെ പറ്റി അന്വേഷിക്കുകയാണ് ഗവേഷകർ ഇപ്പോൾ. വവ്വാലുകളാകാം ഒരു പക്ഷേ, വൈറസിന്റെ ഉറവിടം എന്ന നിഗമനത്തെ തുടർന്നാണിത്.