ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ജൂലായ് അവസാനത്തോടെ 5.5 ലക്ഷം കൊവിഡ് രോഗികൾ ഉണ്ടാകുമെന്നത് കേന്ദ്രസർക്കാരിന്റെ കണക്കാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കേന്ദ്രം പറഞ്ഞ കണക്ക് പൊതുജനങ്ങളുമായി പങ്കുവയ്ക്കുകയായിരുന്നുവെന്നും സിസോദിയ വ്യക്തമാക്കി.
ഡൽഹിയിൽ ജൂലായ് അവസാനത്തോടെ 5.5 ലക്ഷം പേർക്ക് കൊവിഡ് ബാധിക്കുമെന്നാണ് സിസോദിയ പറയുന്നതെന്ന് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിമർശിച്ചിരുന്നു. സിസോദിയയുടെ പ്രസ്താവന ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇതിന് പിന്നാലെയാണ് സിസോദിയയുടെ വിശദീകരണം.
നാളെ എന്ത് സംഭവിക്കുമെന്ന് ആർക്കും പറയാനാവില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സർക്കാരിന്റെ പോർട്ടലുകളിൽ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. അതാണ് താൻ അറിയിച്ചത്. അറിയിപ്പ് നൽകിയാൽ ജനങ്ങൾ മുൻകരുതൽ എടുക്കുമെന്ന് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സിസോദിയ പറഞ്ഞു.