മെക്സിക്കോ സിറ്റി : മെക്സിക്കൻ നഗരത്തിൽ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ 24 പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഗ്വാനാജുവാറ്റോ സംസ്ഥാനത്തെ ഇറാപ്വാറ്റോയിലാണ് സംഭവം. ഈ വർഷം മെക്സിക്കോയിലുണ്ടായിരിക്കുന്നതിൽ വച്ച് ഏറ്റവും വലുതും, ഒരു മാസത്തിനിടെ ഇറാപ്വാറ്റോയിൽ നടക്കുന്ന രണ്ടാമത്തേതുമായ സായുധ ആക്രമണമാണിത്.
ആക്രമണ കാരണം വ്യക്തമല്ല. നേരത്തെ സമീപ പ്രദേശത്ത് തന്നെയുള്ള ഒരു ക്ലിനിക്കിൽ നടന്ന ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. ട്രക്കിലെത്തിയ ഒരു സംഘമാണ് വെടിവയ്പ് നടത്തിയത്. മെക്സിക്കോയിലെ ചില ലഹരി മാഫിയ ഗ്രൂപ്പുകളിൽ അംഗമായിരുന്ന ചിലർ ഇവിടെ ചികിത്സയിലുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. മെക്സിക്കോയിൽ മയക്കുമരുന്ന് മാഫിയകളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന സംസ്ഥാനമാണ് ഗ്വാനാജുവാറ്റോ.