pulwama-

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആറാമത്തെ പ്രതിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീരിലെ ബുദ്ഗാം ജില്ലയിലെ ഫുൾട്ടിപുരയിൽ നിന്നുള്ള 25കാരനായ മുഹമ്മദ് ഇക്ബാൽ റാത്തറാണ് അറസ്റ്റിലായത്. ജെയ്‌ഷെ മുഹമ്മദ് ഭീകരൻ മുഹമ്മദ് ഉമർ ഫാറൂഖിനെ സഹായിച്ചത് മുഹമ്മദ് ഇക്ബാൽ ആണെന്ന് എൻ.ഐ.എ പറഞ്ഞു. ഭീകരാക്രമണത്തിനായുള്ള കുഴിബോംബുകൾ സ്ഥാപിച്ചത് മുഹമ്മദ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് റാത്തർ 2018 സെപ്തംബർ മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ റാത്തറിനെ ചോദ്യം ചെയ്യാനായി ഏഴ് ദിവസം കസ്റ്റഡിയിൽ വിട്ടു.

റാത്തറിന്റെ അറസ്‌റ്റോടെ പുൽവാമ ഭീകരാക്രമണത്തിൽ എൻ.ഐ.എ അറസ്റ്റ് ചെയ്തവരുടെ എണ്ണം ആറായി. കഴിഞ്ഞ ഫെബ്രുവരി 14ന് നടന്ന ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാരാണ് വീരമൃത്യു വരിച്ചത്