മലയാള സിനിമയുടെ ബോക്‌സോഫീസ് ജാതകം തന്നെ തിരുത്തിക്കുറിച്ച സിനിമയാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്‌ത 'ദൃശ്യം'. ഈയിടക്കാലത്ത് ഇത്രയധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്‌ത മറ്റൊരു മലയാളം സിനിമ ഉണ്ടായിട്ടില്ല. ആദ്യമായി 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ മലയാള സിനിമയായ 'ദൃശ്യം' എന്ന ഫാമിലി ത്രില്ലറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്ത പുറത്തു വന്നത് മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21 നായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളിൽ നിന്ന് കൊണ്ട് ആഗസ്റ്റ് 17ന് 'ദൃശ്യം 2'ന്റെ ചിത്രീകരണം ആരംഭിക്കാനാണ് തങ്ങളുടെ പദ്ധതിയെന്നും ജോർജ് കുട്ടിയും കുടുംബവും വീണ്ടും എത്തുന്നതിന്റെ പശ്ചാത്തലവും ഇത് ആദ്യമായി സംവിധായകൻ ജീത്തു ജോസഫ് കേരള കൗമുദിയോട് വെളിപ്പെടുത്തുന്നു.. ലഭിക്കേണ്ട പെർമിഷനുകൾ എല്ലാം ലഭിച്ചാൽ 'ദൃശ്യം 2' ന്റെ ഷൂട്ട് ആഗസ്റ്റ് 17 ന് തന്നെ ആരംഭിക്കും. തിരക്കഥ രചന പൂർത്തിയാക്കി. പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ലൊക്കേഷനുകൾ കുറെയൊക്കെ കണ്ടു കഴിഞ്ഞു. പാട്ടുകളുടെ ജോലികൾ നടക്കുകയാണ്. കേരളത്തിൽ മാത്രമായിരിക്കും 'ദൃശ്യം 2' ന്റെചിത്രീകരണം. ചാർട്ടിംഗ് പൂർത്തിയായി. 15 -20 ദിവസത്തിനുള്ളിൽ പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഷൂട്ട് തുടങ്ങാൻ ഞങ്ങൾ റെഡിയായിരിക്കും. ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ തന്നെയാണ് 'ദൃശ്യം 2'. വലിയൊരു കേസിൽ നിന്ന് മുക്തരായ ശേഷം ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും ഇപ്പോഴത്തെ അവസ്ഥ അത്ര സുഖകരമാകില്ലല്ലോ. അതായിരിക്കും സിനിമയുടെ പ്രമേയം. പൂർണ്ണമായും ഒരു കുടുംബ ചിത്രമായിരിക്കും. അല്ലാതെ പുതിയ കൊലപാതകവും മറ്റുമൊന്നുമുണ്ടാകില്ല. 'ദൃശ്യ'ത്തിലെ ചില കഥാപാത്രങ്ങളും ഉണ്ടാകും അതിനൊപ്പം മറ്റു ചില പുതിയ കഥാപാത്രങ്ങളും ഈ രണ്ടാം ഭാഗത്തിൽ വരും. 'ദൃശ്യം 2' ഒരു നല്ല സിനിമ ആയിരിക്കും എന്ന് ഉറപ്പുണ്ട്. എന്നാൽ അത് എത്രത്തോളം തിയേറ്ററുകളിൽ ഓടും എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. 'ദൃശ്യ'വും 'മെമ്മറീസും' എല്ലാം അങ്ങനെ തന്നെ ആയിരുന്നു. ഒരു രണ്ടാം ഭാഗം ചെയ്യാൻ വേണ്ടി മാത്രം ചെയ്യുന്ന സിനിമ അല്ല 'ദൃശ്യം 2'. മൂന്ന് നാല് വർഷമായി ഇങ്ങനെ ഒരു സിനിമ ചെയ്യാനുള്ള സാധ്യത ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. ഒരു സാധ്യത വന്നു. അങ്ങനെ എഴുതി. ലാലേട്ടനോടും ആന്റണി പെരുമ്പാവൂരിനോടും ഞാൻ ആദ്യമേ പറഞ്ഞത്, എഴുതുന്ന ഫസ്റ്റ് ഡ്രാഫ്റ്റിൽ പരിപൂർണ്ണ സംതൃപ്തി ലഭിച്ചാൽ മാത്രമേ അതിൽ നിന്ന് പൂർണ്ണമായ തിരക്കഥയിലേക്ക് മാറ്റുകയുള്ളൂ എന്നാണ്. ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതി കഴിഞ്ഞപ്പോൾ തന്നെ എനിക്ക് അതിൽ പൂർണ്ണ തൃപ്‌തി കൈവന്നു. പിന്നീട് തിരക്കഥ പൂർത്തിയാക്കി ലാലേട്ടനും ആന്റണിക്കും അയച്ചു കൊടുത്തു. മുഴുവൻ വായിച്ചപ്പോൾ അവർക്ക് രണ്ടു പേർക്കും അത് ഇഷ്ടപ്പെട്ടു. സിനിമ അനൗൺസ് ചെയ്യുന്നതിന് ഒരാഴ്ച മുൻപാണ് ഇരുവരും തിരക്കഥ വായിക്കുന്നത്. 'ദൃശ്യം 2' ഒരു ത്രില്ലർ ആകുമോ എന്ന് അറിയില്ല. ദൃശ്യം തന്നെ ഒരുക്കിയത് ഒരു ഫാമിലി ഡ്രാമ ആയിട്ടാണ്. പിന്നീട് അത് ഒരു ഫാമിലി ത്രില്ലർ ആയി മാറുകയും വലിയ വിജയമായി മാറുകയുമായിരുന്നു. 'ദൃശ്യം 2' ഒരു നല്ല സിനിമ ആയിരിക്കും എന്ന ആത്മവിശ്വാസമുണ്ട്. പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ടെന്ന് അറിയാം. അതിനു വേണ്ടി നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. സർക്കാർ നിർദേശം അനുസരിച്ചും അതിനൊപ്പം ചില നിബന്ധനകളും പാലിച്ച് തന്നെ ആയിരിക്കും ചിത്രീകരണം നടത്തുക. പഴയത് പോലെ 100 - 120 പേർ ഒന്നും സെറ്റിൽ ഉണ്ടാകില്ല. സെറ്റിലെ എല്ലാ പേരെയും സസൂക്ഷ്മം നിരീക്ഷിക്കും. സെറ്റിൽ വന്നു കഴിഞ്ഞാൽ ഷൂട്ട് കഴിയുന്നത് വരെ നമ്മുടെ അനുവാദം ഇല്ലാതെ താമസിക്കുന്ന ഹോട്ടലിനു പുറത്തു പോലും പോകാൻ പാടില്ല. അതിനൊപ്പം സെറ്റിൽ സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കും. മുൻപത്തേത് പോലെ വളരെ വേഗത്തിൽ സിനിമ ഷൂട്ട് ചെയ്യാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല. ഫ്ലെക്സിബിൾ ആയാണ് ഞങ്ങൾ ഷൂട്ട് പ്ലാൻ ചെയ്‌തിരിക്കുന്നത്. 60 ദിവസത്തെ ഷൂട്ട് ആണ് ഇപ്പോൾ ഞങ്ങൾ പ്ലാൻ ചെയ്‌തിരിക്കുന്നത്. കോവിഡ് ഇല്ലായിരുന്നുവെങ്കിൽ 50 ദിവസം കൊണ്ട് സിനിമയുടെ ചിത്രീകരണം ഞങ്ങൾ പൂർത്തിയാക്കിയേനെ. ശരിക്ക് പറഞ്ഞാൽ ഇങ്ങനെ ഒരു അവസ്ഥയിൽ ഞങ്ങൾ ആരും ഷൂട്ടിംഗ് ചെയ്തിട്ടില്ല. ഷൂട്ടിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ മാത്രമേ നമുക്ക് അതിനെക്കുറിച്ച് പൂർണ്ണമായും പറയാൻ സാധിക്കുകയുള്ളൂ, അതിനനുസരിച്ച് ഞങ്ങൾ ബാക്കി ഷൂട്ട് ചെയ്യും.