മുംബയ്: ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാൻ(71) അന്തരിച്ചു.ഹൃദയാഘാതത്തെതുടർന്ന് ഇന്ന് പുലർച്ചെ മുംബയിലെ ആശുപത്രിയിലായിരുന്നു മരണം.ശ്വാസ തടസത്തെ തുടർന്ന് ജൂൺ 20നാണ് സരോജ് ഖാനെ ബാന്ദ്രയിലെ ഗുരു നാനാക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകളാണ് മരണം സ്ഥിരീകരിച്ചത്.
നൃത്ത സംവിധാനരംഗത്ത് നാല് പതിറ്റാണ്ടോളം സജീവമായിരുന്ന സരോജ് ഖാൻ, മൂന്നു തവണ മികച്ച കൊറിയോഗ്രാഫർക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. ഏക് ദോ തീൻ'(തേസാബ്), 'ഡോലാ രേ'(ദേവദാസ്), 'യേ ഇഷ്ക് ഹായേ'(ജബ് വി മെറ്റ് ), ഹവ ഹവ തുടങ്ങി രണ്ടായിരത്തോളം ഗാനങ്ങൾക്ക് വേണ്ടി നൃത്ത സംവിധാനം നിർവഹിച്ചു.
കരൺ ജോഹറിന്റെ കലങ്ക് എന്ന സിനിമയിലെ 'തബാ ഹോ ഗയേ' എന്ന ഗാനത്തിനാണ് അവസാനം കൊറിയോഗ്രഫി ചെയ്തത്. കൊവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവാണ്. ഭർത്താവ്: സോഹൻലാൽ, മക്കൾ: ഹമിദ് ഖാൻ, ഹിന ഖാൻ, സുഖിന ഖാൻ.