ലക്നൗ : ഉത്തർപ്രദേശിലെ കാൺപൂരിൽ അക്രമികളുടെ വെടിവയ്പ്പിൽ എട്ടുപൊലീസുകാർ കൊല്ലപ്പെട്ടു. പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൊടും ക്രിമിനലായ വികാസ് ദുബേയുടെ താവളത്തിൽ റെയ്ഡിനെത്തിയ പൊലീസുകാർക്കുനേരെ അക്രമികൾ നിറയൊഴിക്കുകയായിരുന്നു.
മുൻ മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് ദുബേ. പൊലീസ് സ്റ്റേഷനിൽ വച്ചാണ് സന്തോഷ് ശുക്‌ളയെ ദുബേയും സംഘവും കൊന്നത്.സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണല്‍ ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി.
ഉന്നത ഉദ്യോഗസ്ഥരടക്കം കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി അക്രമികൾക്കുവേണ്ടി തെരച്ചിലാരംഭിച്ചിട്ടുണ്ട്. ആരെയും പിടികൂടിയിട്ടില്ല എന്നാണ് റിപ്പോർട്ട്.