മാധവിക്കുട്ടി എന്ന കമല എന്ന കമല സുരയ്യ യാഥാർത്ഥ്യങ്ങളുടെ ഭൗതികലോകം വിട്ട് തനിക്കേറെ പ്രിയപ്പെട്ട സ്വപ്നങ്ങളുടെ, കഥകളുടെ ലോകം പ്രിയ വായനക്കാർക്കു ബാക്കി വച്ച് പറന്നു പോയിട്ട് പതിനൊന്നു വർഷം കഴിഞ്ഞു. ഭാവനയുടെ സമ്പന്നത കൊണ്ട് പകരം വയ്ക്കാനാവാത്ത കഥാലോകം സൃഷ്ടിച്ച സർഗ്ഗധനയായ ഈ എഴുത്തുകാരിക്ക് വിശ്വം മുഴുവൻ ഉയരാൻ ഭൂമികയായി മാറിയ പുന്നയൂർക്കുളത്തെ തറവാടു വീടു കാണാൻ ഞാനും പോയിട്ടുണ്ട്.
തൃശൂരിൽ ജോലി ചെയ്യുമ്പോൾ കമലയുടെ തറവാട്ടു വക ഒരു കെട്ടിടത്തിലേക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് പോകേണ്ടി വരാറുണ്ടായിരുന്നു. വടക്കേക്കാട് പോലീസ് സ്റ്റേഷൻ കെട്ടിടം അന്ന് വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന കെട്ടിടമായിരുന്നു ആ പഴയ ഇരുനില വീട്. അവിടെ എത്തുമ്പോൾ മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകളും നീർമാതളം പൂത്ത കാലവുമൊക്കെ എന്റെ ഓർമ്മയിലോടിയെത്തും. പുന്നയൂർക്കുളത്തെ തറവാടു വീടു കാണാൻ കൊതിച്ച ഞാൻ പക്ഷേ, നിറചിരിയുമായി സാഹിത്യ അക്കാദമി ഹാളിലിരുന്ന അവരെ അകലെ നിന്ന് നോക്കിക്കാണാനാണിഷ്ടപ്പെട്ടത്. കഥകളുടെ മായികലോകം തീർക്കുന്നവരെ അവരുടെ സങ്കൽപലോകങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടുത്താതെ അകലെനിന്നു കാണാൻ മാത്രമേ ഞാൻ ഇഷ്ടപ്പെട്ടുള്ളൂ.
കുട്ടിക്കാലം കഴിഞ്ഞാലും ഭാവനാലോകത്തിന്റെ സമ്പന്നത നഷ്ടപ്പെടാതെ മനസ്സിൽ സൂക്ഷിച്ച് അതു കനലായി എരിച്ചു ലോകത്തിനു കഥകളായി സമ്മാനിക്കുന്നവരോട് ലോകം എന്നും കടപ്പെട്ടിരിക്കുന്നു; അവരാണ് യഥാർത്ഥ്യത്തിന്റെ വേനലിൽ വറ്റിവരളാതെ സംസ്‌കാര നദികളെ പോഷിപ്പിക്കുന്നത്. സ്‌നേഹത്തിന്റെ നീരുറവ ഓരോ ദാഹിക്കുന്നവനുമായി കരുതിവയ്ക്കുന്നതും അവരാണ്. ലോകം ഇന്നും ജീവിയ്ക്കാൻ പ്രിയപ്പെട്ടതാണ് എന്നു നമ്മെ ഇടയ്ക്കിടെ ബോധ്യപ്പെടുത്തുന്നതും അവർ തന്നെ.
സെനറ്റ് ഹോളിൽ ചേതനയറ്റ് പ്രിയകഥാകാരിയുടെ ശരീരം എത്തുമ്പോൾ ഏറ്റവും തിരക്കു കുറഞ്ഞ സമയം ഏതായിരിക്കും എന്ന് അന്വേഷിച്ച് അവരെ അവസാനമായി ഒരു നോക്കു കാണുവാൻ ഞാൻ പോയി. ഒരു പിടിപ്പൂക്കൾ അവരുടെ ശരീരമടങ്ങുന്ന പേടകത്തിനു മേലെ ധ്യാനിച്ചു മെല്ലെ അർപ്പിക്കുമ്പോൾ അവരുടെ പ്രിയപ്പെട്ട നീർമാതളപ്പൂക്കളുടെ ഇതളുകളായി രൂപാന്തരപ്പെട്ട് അവ അവരുടെ ആത്മാവിനു ശാന്തി നൽകട്ടെ എന്നാശിച്ചു.
മാധവിക്കുട്ടിയ്ക്ക് സ്വന്തം ഭാവനകളും യാഥാർത്ഥ്യങ്ങളും തമ്മിൽ ഭേദമില്ലായിരുന്നു. അതു പോലെ മലയാളികൾ, ഭാവനയിൽ അവർ കുറിച്ചതെല്ലാം അവരുടെ ജീവിതമാണെന്നു കരുതി.
കഴിവുകൾക്കും പ്രതിഭയ്ക്കും പരിമിതികളില്ലാത്ത 'ജീനിയസ്' എന്ന പദം കൊണ്ടു നാം വിശേഷിപ്പിക്കുന്ന അവസ്ഥയിലെത്തിയ ഒരു സ്ത്രീയും ലോകത്തുണ്ട് എന്ന് അംഗീകരിക്കാൻ നാം മടിയ്ക്കുന്നു; എല്ലാ ജീനിയസുകളേയും പ്രസവിക്കുന്നത് 'അമ്മ' എന്ന സ്‌ത്രീയാണെങ്കിലും! കമലയുടെ അമ്മ ബാലാമണി യമ്മ തലയെടുപ്പുള്ള കവികൾക്കൊപ്പം പ്രതിഭ പ്രകടിപ്പിച്ചെങ്കിലും അവരെ മാതൃത്വത്തിന്റെ കവയിത്രിയായി വിശേഷിപ്പിക്കുന്നു.
തകഴിയുടേയും ബഷീറിന്റേയും തലമുറയിൽ ഒരു പക്ഷേ അവരോളം തലയെടുപ്പുള്ള ഒരു കഥാകാരി ഇല്ലായിരുന്നു. എന്നാൽ പിന്നീടു വന്ന തലമുറയിൽപ്പെട്ട ഏതു കഥാകാരനോടും പോന്ന തലയെടുപ്പോടെ മാധവിക്കുട്ടിയും പി.വത്സലയും മറ്റും ഉണ്ട്. രാത്രിയിൽ നിലാവിൽ ഒറ്റയ്ക്ക് ഒന്നിറങ്ങി നടക്കാനാവാതെ അനുഭവങ്ങളുടെ മൂശകൾ തേടി ദൂരങ്ങളിലേയ്ക്ക് ഒറ്റയ്ക്ക് അലയാനാവാതെ ഭാവനയുടെ നീർമാതളപ്പൂക്കൾ നിറപ്പകിട്ടോടെ തെളിഞ്ഞു പരത്തിയ സുഗന്ധമാവാഹിച്ച് കഥകളുടെ ലോകം തീർത്ത കഥാകാരികളെ നെഞ്ചേറ്റാൻ മലയാളം ഒരിക്കലും മടിച്ചില്ല.
ലോകം മുഴുവനും അറിയപ്പെടുന്ന ചുരുക്കം ചില മലയാളി എഴുത്തുകാരുടെ കൂട്ടത്തിലും കമലാദാസ് എന്ന ഇംഗ്ലീഷ് കവയിത്രിയെ കാണാം അവരുടെ ഭാവനയുടെ നെന്മണികൾ കൊത്തിപ്പെറുക്കാൻ കഥയുടെ കുഞ്ഞാറ്റക്കിളികൾ എത്തുകയില്ല. ഖുഷ്വന്ത്സിംഗ് 'ദ പോർട്റെയിറ്റ് ഓഫ് എ ലേഡി' എന്ന പേരിൽ തന്റെ മുത്തശ്ശിയെക്കുറിച്ച് എഴുതിയിട്ടുണ്ട്. പ്രായമായ മുത്തശ്ശി എല്ലാ ദിവസവും കിളികൾക്കു ഭക്ഷണം കൊടുക്കുമായിരുന്നു. അവരുടെ കൈയിലും തോളിലും തലയിലും വരെ കയറിയിരുന്ന് ലാളിച്ച് അവർ കൊടുക്കുന്ന ഭക്ഷണം ആ കാട്ടു കിളികൾ കൊത്തിതിന്നിരുന്നു. ഒരു ദിവസം മുത്തശ്ശി ഈ ലോകത്തോടു യാത്ര പറഞ്ഞു. അന്നും കഥയറിയാതെ കുഞ്ഞാറ്റക്കിളികൾ ഭക്ഷണത്തിനായി മുത്തശ്ശിയുടെ ഏകാന്ത ജാലകത്തിലെത്തി. പാവം കിളികൾ വിശന്നു കരയേണ്ട എന്നു കരുതിയ ഖുശ്വന്ത് സിംഗിന്റെ അമ്മ കിളികൾക്കായി ഭക്ഷണം വാരി വിതറി. അവിടെയെല്ലാം മുത്തശ്ശിയെ അന്വേഷിച്ചു പാടിയലഞ്ഞ കിളികൾ ഒരു മണിപോലും കൊത്തിയില്ല. വാരി വിതറിയ ഭക്ഷണ തരികൾ പിറ്റേന്നും അനാഥമായി മുറ്റത്തു കിടന്നു. മുത്തശ്ശിയുടെ ദേഹം അടക്കിയതോടെ പറന്നു പോയ കുഞ്ഞാറ്റക്കിളികളെ പിന്നെ ഒരിക്കലും കണ്ടില്ല. കഥയുടെ കുഞ്ഞാറ്റക്കിളികൾ ദിവസേന മാധവിക്കുട്ടിയുടെ ഭാവനാ ജാലകത്തിൽ വിരുന്നു വന്നിരുന്നു. ആ നല്ല കാലത്തെ കുറിച്ച് ഓർക്കാനേ നമുക്കു കഴിയൂ. ആ ഓർമ്മകൾക്കു മുൻപിൽ ഒരു പിടി നീർമാതളപൂക്കൾ അർപ്പിക്കട്ടെ.
.