pic

ലഡാക്ക്: ഗൽവാൻ താഴ്‌വരയിലെ ഇന്ത്യ ചെെന ഏറ്റുമുട്ടലിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലേയിലെത്തി. മുൻകൂട്ടി അറിയിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. അതിർത്തിയിലെ സ്ഥിതിഗതികൾ നേരിട്ടെത്തി അവലോകനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രിയുടെ ലക്ഷ്യം. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി എം എം നരവനെ തുടങ്ങി ഉന്നത സേന ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം സൈനികർക്ക് ആത്മവിശ്വസം വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

modi

അതിർത്തിയിലെ സൈനിക വിന്യാസവും ചൈനീസ് സൈനികരുമായുള്ള ചർച്ചകളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തും. സംഘർഷത്തിൽ പരിക്കേറ്റ് സൈനിക ആശുപത്രിയിൽ കഴിയുന്ന സൈനികരുമായി പ്രധാനമന്ത്രി സംവദിക്കും. സൈനികരുടെ മനോവീര്യം വർദ്ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് സന്ദർശനമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്‌.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലഡാക്ക് സന്ദർശനം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായി അവിടെ എത്തിയിരിക്കുന്നത്. ജൂൺ 15ന് ലഡാക്കിലുണ്ടായ സംഘർഷത്തിന് ശേഷം ആദ്യമായിട്ടാണ് മന്ത്രിസഭാ സുരക്ഷാ സമിതിയിൽ നിന്നൊരംഗം അതിർത്തിയിലേക്ക് എത്തുന്നത്. ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനിക വൃത്തങ്ങൾ വീരമൃത്യു വരിച്ചിരുന്നു.

modi

സാമൂഹിക അകലം പാലിച്ച് പ്രധാമന്ത്രിക്കൊപ്പമുള്ള സൈനികരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിർത്തി സംഘർഷങ്ങൾ നടന്ന് 18 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. ലേയിലെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നിമുവിൽ എത്തി. കരസേനയുടെയും വ്യോമസേനയുടെയും ഐ.ടി.ബി.പിയുടെയും ജവാൻമാരെ കണ്ടു. 14 കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗ് സ്ഥിതി വിശദീകരിച്ചു. അതിർത്തിയിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളും പ്രധാനമന്ത്രി നേരിട്ടു വിലയിരുത്തിയേക്കുമെന്നാണ് വിവരം.