കൊച്ചി : മർദ്ദിച്ചും പൊളളലേൽപ്പിച്ചും ആറുമാസം പ്രായമുളള പെൺകുഞ്ഞിനോട് അച്ഛന്റെ കൊടും ക്രൂരത. എറണാകുളം ജില്ലയിലെ തിരുവാങ്കുളം ഏറമ്പാകത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പൊലീസാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് അച്ഛൻ ആനന്ദിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞമാസം അങ്കമാലിയിൽ അച്ഛൻ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ ഞെട്ടൽ മാറുംമുമ്പാണ് മറ്റൊരു കൊടുംക്രൂരതകൂടി പുറത്തുവന്നത്.
കുഞ്ഞിന്റെ ശരീരത്തിൽ നിറയെ പൊളളലേറ്റതിന്റെയും അടിയേറ്റതിന്റെയും പാടുകളാണ്. മദ്യപിച്ച് ലക്കുകെട്ടെത്തുന്ന ഭർത്താവ് കുഞ്ഞിനെ പലപ്പോഴും വലിച്ചെറിയാറുണ്ടെന്നും ക്രൂരമായി ഉപദ്രിവിക്കാറുണ്ടെന്നും അമ്മ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. കുഞ്ഞിനെ ഇയാൾ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാരും പൊലീസിനെ അറിയിച്ചിട്ടുണ്ട്. ശിശുക്ഷേമ സമിതി അംഗങ്ങളും പൊലീസും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നുണ്ട്. ക്രൂരത കാണിക്കാനുള്ള കാരണം വ്യക്തമല്ല.