ന്യൂഡൽഹി : കൊവിഡ് പ്രതിരോധത്തിനായി വൻ തുക രാജ്യങ്ങൾ ചിലവിടുന്ന സമയത്താണ് അതിർത്തി തർക്കങ്ങളും പ്രാദേശികവാദവും ഉയർത്തി ചൈന അയൽരാജ്യങ്ങളുടെ മേൽ കുതിര കയറാൻ ശ്രമം നടത്തുന്നത്. നേപ്പാളും മ്യാൻമാറും അടക്കമുള്ള ചെറുരാജ്യങ്ങൾ ചൈനയ്ക്കുമേൽ പരാതി ഉയർത്തുമ്പോൾ ഇന്ത്യയടക്കമുള്ള വൻ ശക്തികൾ സൈനിക പ്രതിരോധകോട്ട ഉയർത്തി ചൈനയെ തടയുവാൻ ശ്രമിക്കുകയാണ്. ഇപ്പോൾ ആസ്‌ട്രേലിയയും പ്രതിരോധ മേഖലയിൽ കനത്ത നിക്ഷേപത്തിന് ഒരുങ്ങിയിരിക്കുകയാണ്.
അടുത്ത ഒരു ദശാബ്ദക്കാലം കൊണ്ട് തങ്ങളുടെ സൈന്യത്തിന്റെ പ്രഹരശേഷി വർദ്ധിപ്പിക്കുന്നതിനായി 270 ബില്യൺ ഓസ്‌ട്രേലിയൻ ഡോളറാണ് രാജ്യം നിക്ഷേപിക്കുവാൻ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ നടത്തി. രാജ്യത്തിന്റെ സുരക്ഷ നിലനിർത്തുന്നതിനും ഇന്തോ പസഫിക്കിൽ ഉയരുന്ന തന്ത്രപ്രധാനമായ പ്രവർത്തനങ്ങളുമാണ് ഇത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്ന് ചൈനയുടെ പേര് നേരിട്ട് പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു. 'ഇന്തോപസഫിക് മേഖലയിലെ വെല്ലുവിളികളും സ്വഭാവവും അർത്ഥമാക്കുന്നത് ഞങ്ങൾക്ക് ഒരു പുതിയ സമീപനം ആവശ്യമാണെന്നും ഞങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ തടയാൻ സജീവമായി ശ്രമിക്കു'മെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ ചൈനാ കടലിലും കിഴക്കൻ ചൈനാ കടലിനും പുറമേ ഇന്തോ പസഫിക്ക് മേഖലയിലും ചൈന സൈനികവും സാമ്പത്തികവുമായ സ്വാധീനം വ്യാപിപ്പിക്കുകയാണ്. ഇതാണ് പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധയൂന്നാൻ ആസ്‌ട്രേലിയയെ പ്രേരിപ്പിക്കുന്നത്. അമേരിക്കൻ നാവികസേനയിൽ നിന്നും അത്യാധുനിക പടക്കപ്പലുകളും, ദീർഘദൂര മിസൈലുകളുൾപ്പടെയുള്ള ആയുധങ്ങൾ വാങ്ങുന്നതിന് പണം വിലയിരുത്തിയിട്ടുണ്ട്. ഇതു കൂടാതെ സേനയെ ആധുനികവത്കരിക്കുന്നതിനും ഫണ്ട് ചിലവഴിക്കും.
നിലവിൽ ഇന്ത്യയുമായി ചേർന്ന് ഓസ്‌ട്രേലിയ, യുഎസ്, ജപ്പാൻ എന്നീരാജ്യങ്ങൾ ക്വാഡ് (ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്) രൂപീകരിച്ചതും ചൈനയെ മെരുക്കുന്നതിന് വേണ്ടിയാണ്. മേഖലയുടെ സുരക്ഷയ്ക്കായും, സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ക്വാഡ് നാവിക പരിശീലനം സ്ഥിരമായി നടത്താറുണ്ട്. ഇതിന് പുറമേ തന്ത്രപ്രധാന വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ അതിർത്തിയിൽ ചൈന കയ്യേറിയപ്പോൾ പ്രതിരോധ മിസൈലുകൾ ജപ്പാൻ ചൈനാ അതിർത്തിയിൽ വിന്യസിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈനയുടെ ശ്രദ്ധ ഇന്ത്യയിലേക്ക് മാത്രമായി കേന്ദ്രീകരിക്കുന്നത് തടയാൻ മറ്റുരാജ്യങ്ങളും ശ്രമിക്കുന്നു എന്നതിന്റെ തെളിവാണിത്. ചൈനീസ് ആപ്പ് നിരോധനവുമായി ബന്ധപ്പെട്ട് അമേരിക്ക ഇന്ത്യയെ അഭിനന്ദിച്ചിരുന്നു.