narendra-modi-

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയിൽ ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനമായ പാരാ സ്‌പെഷ്യൽ ഫോഴ്സിനെ ഇറക്കി ഇന്ത്യ. ജമ്മുവിലെ ഉറി ഭീകരാക്രമണത്തിന് രാജ്യത്തിന്റെ മറുപടി അതിർത്തി കടന്ന് പാകിസ്ഥാനിൽ ചെന്ന് ചോദിച്ച സൈനിക വിഭാഗമാണ് പാരാ സ്‌പെഷ്യൽ ഫോഴ്സ്. അതിർത്തി കടന്ന് ശത്രുവിന് കനത്ത പ്രഹരം ഏൽപ്പിക്കുന്ന മിന്നലാക്രമണങ്ങൾ നടത്തുന്നതിൽ പ്രത്യേക പരിശീലനം നേടിയ കമാൻഡോ വിഭാഗമാണിവർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ പ്രത്യേക സേന യൂണിറ്റുകളെ ലഡാക്കിലേക്ക് മാറ്റിയിട്ടുണ്ട്. ലഡാക്കിൽ ചൈനയുമായി അതിർത്തി പങ്കിടുന്ന ഇടങ്ങളിലെ തന്ത്രപ്രധാനമായ ഫോർവേഡ് ലൊക്കേഷനുകളിൽ കമാൻഡോകൾ നിലയുറപ്പിച്ചിരിക്കുകയാണ്. അസാധാരണമായ എന്ത് സാഹചര്യമുണ്ടായാലും ഉടൻ തിരിച്ചടി നൽകുവാൻ പൂർണ സ്വാതന്ത്ര്യമാണ് സൈന്യത്തിന് സർക്കാർ നൽകിയിട്ടുള്ളത്.

അതേസമയം സ്ഥലത്തെ സ്ഥിതിഗതികൾ നേരിട്ടു കണ്ട് വിലയിരുത്തുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ലഡാക്കിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. മുൻകൂട്ടി അറിയിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. അതിർത്തിയിലെ സ്ഥിതിഗതികൾ നേരിട്ടെത്തി അവലോകനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രിയുടെ ലക്ഷ്യം. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി എം എം നരവനെ തുടങ്ങിയ ഉന്നത സേന ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം സൈനികർക്ക് ആത്മവിശ്വാസം പകരും. ഇന്ത്യൻ മണ്ണിൽ കടക്കാൻ ശ്രമിച്ചാൽ തക്കതായ തിരിച്ചടിയുണ്ടാവുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ച് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു ആവശ്യമായ മുന്നൊരുക്കം ഇതിനകം ഇന്ത്യ അതിർത്തിയിൽ ഒരുക്കിയിട്ടുമുണ്ട്. ഇതുകൂടാതെ ലോകരാജ്യങ്ങളുടെ പിന്തുണയും ഇന്ത്യയ്ക്ക് മുതൽക്കൂട്ടായിരിക്കുകയാണ്.

കഴിഞ്ഞമാസം ഗൽവാൻ താഴ്വരയിലുണ്ടായ രക്തരൂക്ഷിതമായ ചെറുത്തുനിൽപ്പിനിടെ ഇന്ത്യയുടെ 20 സൈനികർ വീരമൃത്യുവരിച്ചിരുന്നു. എതിർപക്ഷത്തും നാൽപ്പതോളം സൈനികർ മരിച്ചിരുന്നു. ഇതേ തുടർന്ന് ഇരു രാജ്യങ്ങളും അതിർത്തിയിൽ യുദ്ധസമാനമായ പടയൊരുക്കം നടത്തുകയാണ്.