കാഠ്മണ്ഡു : രാജിവയ്ക്കാൻ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിട്ടും അധികാരത്തിൽ കടിച്ചുതൂങ്ങാൻ നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലിയുടെ ശ്രമം. പ്രധാനമന്ത്രി പദത്തിനുളള ഭീഷണി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പാർലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുന്നത് തൽക്കാലത്തേക്ക് തടഞ്ഞിരിക്കുകയാണ് അദ്ദേഹം.
ഇരുസഭകളുടെയും അദ്ധ്യക്ഷന്മാരുമായോ പാർട്ടിയുമായോ ആലോചിക്കാതെ ഏകപക്ഷീയമായി സ്വീകരിച്ച ഈ നടപടിക്കെതിരെ പാർട്ടിയിലുൾപ്പെടെ പ്രതിഷേധം പുകയുകയാണ്. പാർട്ടിയിലെയും സഖ്യകക്ഷികളുടെയും മുതിർന്ന നേതാക്കൾ നടപടിയെ ശക്തമായി വിമർശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നടപടി നേപ്പാളിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്ക് ഇടയാക്കിയേക്കുമെന്നാണ് കരുതുന്നത്.
നേരത്തേ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റിയോഗത്തിൽ ഒലിയുടെ വിശ്വസ്തരായി അറിയപ്പെട്ടിരുന്ന നേതാക്കൾപോലും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായുളള അതിർത്തിപ്രശ്നം ഉൾപ്പെടെ കൈകാര്യം ചെയ്തതിലെ പരാജയം ചൂണ്ടിക്കാട്ടിയും തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യ ശ്രമിക്കുന്നു എന്ന ഒലിയുടെ ആരോപണവും രാജി ആവശ്യപ്പെടാനുള്ള കാരണമായതെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കെതിരെയുളള ആരോപണത്തിന് തെളിവ് ഹാജരാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. പ്രധാനമന്ത്രി സ്ഥാനത്തിനൊപ്പം പാർട്ടി ചെയർമാൻ സ്ഥാനവും ഒഴിയണമെന്നാണ് ആവശ്യം.