ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്കിലെ അപ്രതീക്ഷിത സന്ദർശനം തുടരുന്നു. രാവിലെ ലഡാക്കിലെത്തിയ അദ്ദേഹം തുടർന്ന് നിമുവിലേക്കാണ് യാത്ര തിരിച്ചത്. 11000 അടി ഉയരത്തിലുള്ള പ്രദേശമാണ് നിമു. സേനാ വിന്യാസങ്ങളും മറ്റു സൈനിക നടപടിക്രമങ്ങളും നിമുവിൽ വച്ച് പ്രധാനമന്ത്രിക്ക് ഉന്നത ഉദ്യോഗസ്ഥർ വിശദീകരിച്ച് നൽകി. ചൈനയുമായുള്ള സൈനികതല ചർച്ചയുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. തുടർന്ന് ഗൽവാൻ സംഘർഷത്തിൽ പരിക്കേറ്റ സൈനികരെ കാണുന്നതിനായി അദ്ദേഹം സൈനിക ആശുപത്രിയിലേക്ക് തിരിച്ചു.
രാവിലെ ലഡാക്ക് തലസ്ഥാനമായ ലേയിലെത്തിയ പ്രധാനമന്ത്രി അവിടെ വച്ച് കര, വ്യോമ, ഐ.ടി.ബി.പി സേനകളെ ഒരുമിച്ച് അഭിസംബോധന ചെയ്തു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കരസേനാ മേധാവി എം.എം.നരവനെയും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി ലഡാക്കിലെത്തിയത്.
ലഡാക്ക് സന്ദർശനത്തിന് ശേഷം ഡൽഹിയിലെത്തുന്ന പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സുരക്ഷ സമിതി യോഗമാണ് ചേരുന്നതെന്നാണ് റിപ്പോർട്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, അജിത് ഡോവൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
സൈനികർക്ക് ആത്‌മവിശ്വാസം നൽകുന്നതിനൊപ്പം ഇന്ത്യ പിന്നോട്ടില്ലെന്ന ശക്തമായ മുന്നറിയിപ്പ് ചൈനയ്ക്ക് നൽകുക എന്നീ രണ്ട് കാര്യടങ്ങളാണ് അപ്രതീക്ഷിത ലഡാക്ക് സന്ദർശനത്തിലൂടെ പ്രധാനമന്ത്രി ലക്ഷ്യം വയ്ക്കുന്നത്.