modi

ലഡാക്ക്: കടന്നുകയറ്റത്തിലൂടെ അതിർത്തി വികസിപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്നും ഈ മനോഭാവം മാറ്റിയില്ലെങ്കിൽ സ‌ർവനാശമായിരിക്കും ഫലമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പരോക്ഷമായി ആഞ്ഞടിച്ചു.

ലഡാക്കിൽ അതിർത്തി കൈയേറുകയും ഇന്ത്യൻ സൈനികരോട് പൈശാചികത കാട്ടുകയും ചെയ്‌ത ചൈനയ്‌ക്ക് അതേ മണ്ണിൽ നമ്മുടെ ധീരസൈനികരെ സാക്ഷിനിറുത്തി മുന്നറിയിപ്പ് നൽകുകയായിരുന്നു അദ്ദേഹം. ശ്രീബുദ്ധനെ ഉദ്ധരിച്ച് സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ മോദി,​ ശ്രീകൃഷ്ണനെ പരാമർശിച്ച് ചൈനയുടെ അതിക്രമങ്ങൾ വകവയ്ക്കില്ലെന്നും പരമാധികാരം സംരക്ഷിക്കാൻ എന്തിനും മടിക്കില്ലെന്നും പറയാതെ പറഞ്ഞു.

ഇന്നലെ രാവിലെ അപ്രതീക്ഷിതമായി ലഡാക്കിലെ മുണണി പ്രദേശമായ നിമുവിൽ എത്തിയ പ്രധാനമന്ത്രി സൈനികരെ അഭിവാദ്യം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു. മോദി പിന്നീട്,​ ചൈനീസ് ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തു.

ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിനും കരസേനാ മേധാവി ജനറൽ എം.എം. നരവണെയ്ക്കും ഒപ്പം സൈനിക ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി എത്തിയത്. ഗാൽവനിൽ 20 ജവാന്മാർ വീരമൃത്യു വരിച്ചതു മുതൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സൈനികർക്ക് ആത്മവീര്യം പകരാൻ കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ വരവ്.

ഇന്ത്യൻ സൈനികരുടെ ധീരതയെ പർവതങ്ങളോടും അവരുടെ നിശ്ചയദാർഢ്യത്തെ കൊടുമുടികളോടും മോദി ഉപമിച്ചു. ഏത് ആക്രമണത്തെയും ചെറുക്കാൻ ഇന്ത്യൻ സർവസജ്ജമാണെന്നും സ്വന്തം മണ്ണ് സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഓർമ്മിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഇന്ത്യൻ സൈനികരുടെ ധീരത സമാനതകൾ ഇല്ലാത്തതാണെന്ന് മോദി വാഴ്‌ത്തി. ഭാരതമാതാവിന്റെ ശത്രുക്കൾ നിങ്ങളുടെ ഉള്ളിലെ തീയും വീറും കണ്ടു. ഇന്ത്യയുടെ കരുത്ത് നിങ്ങൾ കാട്ടിക്കൊടുത്തു.

മോദി പറഞ്ഞത്

1. സത്യത്തിന്റെ പക്ഷത്ത് നിൽക്കാനും ശരിയായത് ചെയ്യാനും നമ്മെ നയിക്കുന്നത് ധൈര്യമാണ്. ധീരന്മാർക്കേ സമാധാനം സ്ഥാപിക്കാൻ കഴിയൂ, ദുർബലർക്കല്ല.

2. ഓടക്കുഴലൂതുന്ന കൃഷ്ണനെ മാത്രമല്ല,​ സുദർശനചക്രം ആയുധമാക്കിയ കൃഷ്ണാവതാരത്തെയും പ്രാർത്ഥിക്കുന്നവരാണ് ഇന്ത്യക്കാർ

ലോകം വീക്ഷിച്ച വരവ്

അതിർത്തിയിൽ സൈനിക സന്നാഹം ശക്തമാക്കി ചൈന വെല്ലുവിളിയോടെ നിൽക്കുമ്പോഴുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം ലോകരാജ്യങ്ങളാകെ ഉറ്റുനോക്കുന്നതായി. 11,​000 അടി ഉയരത്തിൽ സിന്ധു നദിയുടെ തീരത്ത് സൻസ്‌കാർ പർവത നിരകളാൽ ചുറ്റപ്പെട്ട നിമു അതീവ ദുർഘടമായ സൈനിക മേഖലയാണ്.

ജയ് വിളിച്ച് സ്വീകരണം

കരസേനയുടെയും വ്യോമസേനയുടെയും ഇൻഡോ ടിബറ്റൻ അതിർത്തി പൊലീസിന്റെയും സൈനികർ വന്ദേമാതരം,​ ഭാരത്‌മാതാ കീ ജയ് വിളികളുമായി മോദിയെ സ്വീകരിച്ചു. കമാൻഡർമാർ പ്രധാനമന്ത്രിയോട് സ്ഥിതികൾ വിശദീകരിച്ചു. പിന്നീട് സേന തയ്യാറാക്കിയ പ്രച്‌ഛന്ന കൂടാരത്തിൽ ഇരുന്ന് അദ്ദേഹം ആശയവിനിമയം നടത്തി. പച്ച ജാക്കറ്റും തൊപ്പിയും കറുത്ത കണ്ണടയും ധരിച്ചെത്തിയ പ്രധാനമന്ത്രിയുടെ വാക്കുകളും ശരീരഭാഷയും ഇന്ത്യയുടെ ധീരമായ നിലപാട് വിളിച്ചോതുന്നതും സൈനികർക്ക് ആത്മവീര്യം പകരുന്നതുമായിരുന്നു.