dragons-triangle

ബർമുഡ ട്രയാംഗിളിനെ പറ്റി കേട്ടിട്ടില്ലാത്തവ‌ർ ചുരുക്കമായിരിക്കും. അറ്റ്‌ലാൻഡിക് സമുദ്രത്തിൽ മിയാമി, പ്യൂർട്ടോറിക്കോ, ബർമുഡ തീരങ്ങൾക്കിടയിലുള്ള ബർമുഡാ ട്രയാംഗിൾ എന്ന മേഖലയിലൂടെ കടന്ന് പോയ കപ്പലുകളോ വിമാനങ്ങളോ പിന്നീട് പുറംലോകം കണ്ടിട്ടില്ലെന്നാണ് ചരിത്രം. ബർമുഡ ട്രയാംഗിളിനെ ചുറ്റിപ്പറ്റി നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. ഭീമൻ ചുഴി, അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം, ഭൂമിയുടെ ഗുരുത്വാകർഷണം... ഇങ്ങനെ നീളുന്നു സിദ്ധാന്തങ്ങൾ. ഏതായാലും ബർമുഡ ട്രയാംഗിളിന്റെ കാര്യം അവിടെ നിൽക്കട്ടെ. ഈ ബർമുഡ ട്രയാംഗിളിന്റെ മറ്റൊരു 'വേർഷൻ' പസഫിക് സമുദ്രത്തിലുമുണ്ട്. 'ഡ്രാഗൺസ് ട്രയാംഗിൾ ' അഥവാ ' ഡെവിൾസ് സീ ' എന്നറിയപ്പെടുന്ന ഈ ഭാഗം ഫിലിപ്പീൻസ് കടലിൽ ഫിലിപ്പീൻസ്, ജപ്പാൻ, ഗുവാം തീരങ്ങൾക്കിടെയിലാണ് സ്ഥിതി ചെയ്യുന്നത്.

നൂറ്റാണ്ടുകളായി നാടോടിക്കഥകളിലും മറ്റും നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ഡ്രാഗൺസ് ട്രയാംഗിൾ. ഡ്രാഗൺസ് ട്രയാംഗിളിൽ മറഞ്ഞിരിക്കുന്ന ആപത്തുകളെ പറ്റിയുള്ള നാടോടിക്കഥകളുടെ തുടക്കം ബി.സി 1000ത്തിലാണ്. സമുദ്രത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന ഒരു ഭീകരൻ ഡ്രാഗണിനെ പറ്റി ചൈനീസ് പുരാണങ്ങളിൽ പറയുന്നുണ്ട്. കടലിലൂടെ പോകുന്ന കപ്പലുകളെയും മറ്റും ഈ ഭീകരൻ കടലിന്റെ അടിത്തട്ടിലേക്ക് വലിച്ചെടുക്കുമത്രെ. ആ ഡ്രാഗൺ മറഞ്ഞിരിക്കുന്ന സമുദ്ര ഭാഗമാണ് ഡ്രാഗൺസ് ട്രയാംഗിൾ എന്നാണ് വിശ്വാസം.

13ാം നൂറ്റാണ്ടിൽ മംഗോളിയൻ ഭരണാധികാരികളായ കുബ്ലൈഖാൻ, അദ്ദേഹത്തിന്റെ ചെറുമകൻ ചെങ്കിസ് ഖാൻ എന്നിവർ ഡ്രാഗൺസ് ട്രയാംഗിൾ മേഖലയിലൂടെ നിരവധി തവണ യാത്ര ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും 40,000ത്തോളം പടയാളികളെയാണ് ഇവർക്ക് ഇവിടെ വച്ച് നഷ്ടമായതെന്നും കഥകളുണ്ട്.
1953ൽ ഡ്രാഗൺസ് ട്രയാംഗിളിന്റെ രഹസ്യം കണ്ടെത്താൻ ജപ്പാൻ ഒരു സംഘത്തെ നിയോഗിക്കുകയുണ്ടായി. കൈയോ - മാരു 5 എന്ന കപ്പലിൽ പുറപ്പെട്ട ദൗത്യ സംഘത്തെ പിന്നീടാരും കണ്ടിട്ടില്ല.

കപ്പലിനുള്ളിലുണ്ടായിരുന്ന 30 ഓളം പേർ എവിടെ പോയെന്നോ, കപ്പലിന് എന്താണ് സംഭവിച്ചതെന്നോ ആർക്കും അറിയില്ല. കപ്പലിന്റെ ചില ഭാഗങ്ങൾ പിന്നീട് കടലിൽ നിന്നും ലഭിച്ചിരുന്നു. ഇത് പോലെ ഇവിടെ വച്ച് കാണാതാകുകയോ തകരുകയോ ചെയ്ത കപ്പലുകൾ നിരവധിയാണ്. തിരോധാനം മാത്രമല്ല, പ്രേതക്കഥകളുടെയും കേന്ദ്രമാണ് ഈ പ്രദേശം. കടലിൽ മൂകമായി അലഞ്ഞു തിരിയുന്ന കപ്പലുകളെ ഈ പ്രദേശത്ത് കണ്ടതായി ചില നാവികർ 18ാം നൂറ്റാണ്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്നേ വരെ ഡ്രാഗൺസ് ട്രയാംഗിളിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തിയിട്ടില്ല.

ബർമുഡ ട്രയാംഗിളിനെയും ഡ്രാഗൺസ് ട്രയാംഗിളിനെയും അതീവ അപകടകാരികളായ വൈൽ വൊർടെക്സുകളുടെ ( ചുഴി ) ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വൊർടെക്സ് മേഖലകളിൽ ഭൂമിയുടെ വൈദ്യുത കാന്തിക തരംഗങ്ങളുടെ ശക്തി ഭൂമിയിൽ മറ്റെവിടെയും ഉള്ളതിനെ അപേക്ഷിച്ച് ഏറ്റവും ശക്തമാണ്. ഭൂമിയിൽ 12 വൈൽ വൊർടെക്സുകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ 12 എണ്ണത്തെയും പറ്റി നിഗൂഡമായ തിരോധാന കഥകൾ ഏറെയുണ്ട്.

1972ൽ പാരാനോർമൽ വിദഗ്ദനും ക്രിപ്റ്റോസുവോളജിസ്റ്റുമായ ഇവാൻ ടി. സാന്റേഴ്സൺ ആണ് 12 വൈൽ വൊർടെക്സുകളുടെ സിദ്ധാന്തം അവതരപ്പിച്ചത്. അതേ സമയം, പ്രകൃതിയിലെ സ്വാഭാവിക ഘടകങ്ങളാണ് വൈൽ വോർടെക്സുകളെന്നും ഇവയ്ക്ക് പിന്നിലെ അന്തവിശ്വാസങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഗവേഷകർ പറയുന്നു. ഏതായാലും ഇന്നും ഈ ഭാഗത്ത് കൂടി സഞ്ചരിക്കുന്ന നാവികർക്ക് ഡ്രാഗൺസ് ട്രയാംഗിളിനെ പറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നെങ്കിലുമൊരിക്കൽ ബർമുഡ ട്രയാംഗിളിന്റെയും ഡ്രാഗൺസ് ട്രയാംഗിളിന്റെയുമൊക്കെ രഹസ്യത്തിന്റെ ചുരുൾ നിവരുമെന്ന് പ്രതീക്ഷിക്കാം.