മുംബയ്: ബോളിവുഡിൽ തരംഗം സൃഷ്ടിച്ച നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ചുവടുകൾ ഒരുക്കിയ പ്രശസ്ത നൃത്ത സംവിധായിക സരോജ് ഖാൻ അന്തരിച്ചു. 71 വയസായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ പുലർച്ചെ 2.30 ന് മുംബയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുനാളായി ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
രണ്ടായിരത്തിലേറെ ഗാനങ്ങൾക്കു നൃത്തസംവിധാനം നിർവഹിച്ച സരോജ് മൂന്നു തവണ മികച്ച കൊറിയോഗ്രാഫർക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.
നിർമ്മല നാഗ്പാൽ എന്ന സരോജ് ഖാൻ മൂന്നാം വയസിൽ നസ്റാന എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. തുടർന്ന് സോഹൻലാലിന്റെ നൃത്തസംഘത്തിൽ അംഗമായി.
’ഗീതാ മേരാ നാം’ എന്ന ചിത്രത്തിലൂടെയാണ് കൊറിയാഗ്രാഫർ ആയി ഹരിശ്രീ കുറിച്ചത്. 1987–ൽ ശ്രീദേവിക്കായി ‘മിസ്റ്റർ ഇന്ത്യ’ എന്ന ചിത്രത്തിലെ 'ഹവാ ഹവായി' എന്ന ഗാനത്തിനു നൃത്ത സംവിധാനം നിർവഹിച്ചതിലൂടെയാണ് ശ്രദ്ധേയായത്.
ബോളിവുഡിലെ നൃത്ത റാണി എന്നറിയപ്പെടുന്ന
മാധുരി ദീക്ഷിതിന്റെ കരിയറിലെ നാഴികക്കല്ലായി മാറിയ തേസാബ് എന്ന ചിത്രത്തിലെ ‘ഏക് ദോ തീൻ’
എന്ന പാട്ടിന് ചുവടുകളൊരുക്കിയത് സരോജാണ്. സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത ‘ദേവദാസ്’ എന്ന ചിത്രത്തിലെ ‘ഡോലാ രേ ഡോലാ രേ എന്ന ഗാനത്തിന്റെ നൃത്തസംവിധാനവും നിർവഹിച്ചത് സരോജായിരുന്നു.
എട്ട് തവണ ഫിലിംഫെയർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മണികർണിക, കളങ്ക് എന്നീ ചിത്രങ്ങളിലാണ് അവസാനമായി പ്രവർത്തിച്ചത്.
പതിമ്മൂന്നാം വയസിൽ തന്നെക്കാൾ 28 വയസ് കൂടുതലുള്ള സോഹൻലാലിനെ വിവാഹം കഴിച്ച സരോജ്
അദ്ദേഹത്തിന് ഭാര്യയും നാലു മക്കളുമുണ്ടെന്ന് മനസിലാക്കിയതോടെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു. തുടർന്ന് ബിസിനസുകാരനായ സർദാർ റോഷൻ ഖാനെ വിവാഹം ചെയ്തു. ഹമീദ് ഖാൻ, ഹിന ഖാൻ, സുകന്യ ഖാൻ എന്നിവരാണ് മക്കൾ. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് മലാഡിലെ പൊതുശ്മശാനത്തിൽ സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.