kovid

റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ മരണസംഖ്യ ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കൂടിയ മരണ നിരക്കാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്നത്. ഇതുവരെ 1752 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, രോഗികളുടെ എണ്ണവും 2 ലക്ഷത്തോട് അടുക്കുകയാണ്. 1,97,608 ആണ് ഇതുവരെയുള്ള രോഗികളുടെ എണ്ണം. അതേസമയം, കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ സ്വകാര്യ മേഖലയ്ക്ക് ആശ്വാസ പാക്കേജിന്റെ ഭാഗമായി സൗദി​ സർക്കാർ പ്രഖ്യാപിച്ച ഇളവുകളിൽ ചിലത് നീട്ടി നൽകാൻ തീരുമാനമായി. മാർച്ച് മുതൽ അനുവദിച്ച ഇളവുകൾ മൂന്ന് മാസം പിന്നിട്ട സാഹചര്യത്തിലാണ്​ കൂടുതൽ കാലത്തേക്ക് നീട്ടിനൽകാൻ സൗദി ഉന്നത സഭ തീരുമാനമെടുത്തത്​. സ്വകാര്യ മേഖലയെ മൊത്തത്തിലും നിക്ഷേപകരെ പ്രത്യേകിച്ചും കൊവിഡ് കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ്​ ഇളവ് നീട്ടുന്നത്​.

മുൻകരുതൽ പാലിക്കാത്തവരുടെ ചിത്രം പുറത്തുവിട്ട് യു.എ.ഇ

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തവരുടെ ചിത്രങ്ങൾ സഹിതം പ്രസിദ്ധീകരിച്ച് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ. മാസ്ക് ധരിക്കാതിരിക്കുക, കർഫ്യൂ നിയമങ്ങൾ ലംഘിക്കുക, പൊതുപരിപാടികൾ സംഘടിപ്പിക്കുകയോ അല്ലെങ്കിൽ അത്തരം പരിപാടികളിൽ പങ്കെടുക്കുകയോ ചെയ്യുക തുടങ്ങിയ കുറ്റങ്ങളുടെ പേരിൽ 2000 മുതൽ 10,000 ദിർഹം വരെ പിഴ ശിക്ഷ ലഭിച്ചവരുടെ വിവരങ്ങളാണ് കഴിഞ്ഞദിവസം അധികൃതർ പുറത്തുവിട്ടത്.