ഓരോ ചിത്രത്തിന്റെ അവതരണത്തിലും എന്തെങ്കിലും വ്യത്യസ്തതകൾ പ്രേക്ഷകന് സമ്മാനിക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി. ഇന്ദ്രജിത്തിനെ നായകനാക്കി പുറത്തിറക്കിയ ആദ്യ ചിത്രമായ 'നായകൻ' മുതൽ മുൻ വർഷങ്ങളിൽ പുറത്തിറക്കിയ ഈ.മ.യൗ, ജെല്ലികെട്ട് വരെയും സംവിധാന ബ്രില്യൻസ് നാം കണ്ടു. പുതിയ ചിത്രമായ ചുരുളിയും ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്. 19 ദിവസം കൊണ്ട് കാട്ടിനുളളിൽ ചിത്രീകരണം പൂർത്തിയാക്കിയ 18 വയസ്സിന് മുകളിലുളളവർക്ക് കാണാവുന്ന 'ചുരുളി'യുടെ അമ്പരപ്പിക്കുന്ന ട്രെയിലർ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായി.
ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശേരി സമൂഹമാദ്ധ്യമങ്ങളിലിട്ട ചിത്രത്തിനെ കുറിച്ചുളള പുതിയ പോസ്റ്റും അത്തരത്തിൽ ചർച്ചയാകുകയാണ്.
'ട്രെയിലർ ആൾട്ടർനേറ്റ് എന്റിംഗ്' ഇന്ന് അറുമണിക്ക് എന്ന പോസ്റ്റ് ചിത്രത്തിന്റെ രണ്ടാമത് ട്രെയിലറാണോ, ക്യാരക്ടർ പോസ്റ്ററാണോ അതോ ഒടിടി പ്ളാറ്റ്ഫോമിലൂടെ പുതിയ ചിത്രത്തിന്റെ പ്രദർശനമാണോ എന്ന് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകർ.
ജോജു ജോർജ്ജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രമായ 'ചുരുളി'യുടെ തിരക്കഥ എസ്.ഹരീഷിന്റെതാണ്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം.