താരങ്ങളെ ചോദ്യം ചെയ്തത് മിച്ചം
കൊളംബോ : മുൻ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗമഗെ ഉയർത്തിവിട്ട ആരോപണത്തിന്റെ പേരിൽ മുൻ താരങ്ങളായ ഉപുൽ തരംഗ, കുമാർ സംഗക്കാര, മഹേല ജയവർദ്ധനെ,അരവിന്ദ ഡിസിൽവ എന്നിവരെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശ്രീലങ്കൻ പൊലീസ് 2011-ലെ ഇന്ത്യയുമായുള്ള ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ഒത്തുകളിയാണെന്നതിന് തെളിവില്ല എന്ന് കണ്ടെത്തി കേസ് ഉപേക്ഷിച്ചു.
ശ്രീലങ്കൻ കായിക മന്ത്രാലയം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് താരങ്ങളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തത്. 2011 ലോകകപ്പ് ശ്രീലങ്ക ഇന്ത്യയ്ക്ക് വിൽക്കുകയായിരുന്നുവെന്ന അലുത്ഗമഗെയുടെ ആരോപണത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്.
മുൻ ശ്രീലങ്കൻ ക്യാപ്ടനും 2011ലെ സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന അരവിന്ദ ഡിസിൽവയെയാണ് ആദ്യം ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ആറുമണിക്കൂറോളമാണ് ഡിസിൽവയെ ചോദ്യം ചെയ്തത്. പിന്നീട് ഒാപ്പണർ ഉപുൽ തരംഗയെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു.അന്ന് ക്യാപ്ടനായിരുന്ന സംഗക്കാരയെ പത്തു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ നീണ്ടുപോയതോടെ സംഗക്കാരയെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ശ്രീലങ്കയിലെ യുവജന സംഘടന ക്രിക്കറ്റ് ബോർഡിന്റെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു.
പൊതു തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ രാഷ്ട്രീയ ലക്ഷ്യം വച്ചാണ് മുൻ കായികമന്ത്രിയുടെ ആരോപണമെന്ന് സംഗക്കാരയും മഹേലയും പറഞ്ഞിരുന്നു. ഒത്തുകളിക്ക് തെളിവുനൽകാനും മുൻ നായകർ വെല്ലുവിളിച്ചിരുന്നു. പക്ഷേ അന്വേഷണത്തിന് കായികമന്ത്രാലയം ഉത്തരവിട്ടതോടെ ആരോപണം തന്റെ സംശയമാണെന്ന് പറഞ്ഞ് തടിയൂരാൻ അലുത്ത്ഗമഗെ ശ്രമിച്ചിരുന്നു.