കാഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. പ്രധാനമന്ത്രിപദത്തിൽ നിന്ന് രാജി വയ്ക്കാനുള്ള ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിർദ്ദേശത്തിന് വഴങ്ങാത്ത കെ.പി.ശർമ ഒലി, പാർലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുന്നത് തത്ക്കാലത്തേക്ക് നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകി. ഇരുസഭകളുടെയും അദ്ധ്യക്ഷന്മാരുമായി കൂടിയാലോചന നടത്താതെ ആയിരുന്നു ഒലിയുടെ നടപടി. പ്രധാനമന്ത്രി പദത്തിൽ തുടരുന്നതിനുള്ള ഭീഷണി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുസഭകളും നിറുത്തിവയ്ക്കാനുള്ള നിർദേശം ഒലി നൽകിയതെന്നാണ് സൂചന.
ഒലിയുടെ നടപടി മുൻപ്രധാനമന്ത്രിയും സഖ്യകക്ഷി നേതാവുമായ പുഷ്പ കമാൽ ദഹാൽ പ്രചണ്ഡയെയും പ്രകോപിപ്പിച്ചിട്ടുണ്ട്. പ്രചണ്ഡ നേപ്പാൾ പ്രസിഡന്റ് ബിന്ധ്യ ദേവി ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തുകയും ഒലിയുടെ ഭരണഘടനാവിരുദ്ധമായ നടപടിയിൽ പ്രതിഷേധം അറിയിക്കുകയും ചെയ്തു. നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോ ചെയർപേഴ്‌സൺമാരാണ് ഒലിയും പ്രചണ്ഡയും.
പാർട്ടിപിളർത്തുമോ ഒലി?
സ്വന്തംപാർട്ടിയിൽ ഏറെക്കുറെ ഒറ്റപ്പെട്ട ഒലി, പാർട്ടി പിളർത്താനുള്ള നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. പാർട്ടി പിളരുന്ന സാഹചര്യം ഉണ്ടായാൽ പ്രതിപക്ഷ പാർട്ടിയായ നേപ്പാൾ കോൺഗ്രസിന്റെ പിന്തുണ ഉറപ്പ് വരുത്തുന്നതിനും ഒലി ശ്രമം നടത്തുന്നുണ്ട്.
നിലവിൽ നേപ്പാൾ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് 174 അംഗങ്ങളാണ് പാർലമെന്റിൽ ഉള്ളത്. ഇതിൽ 78 പേർ ഒലിക്കൊപ്പമാണ് എന്നാണ് വിവരം. ദഹാലിന് ഒപ്പം 53 പേരും മറ്റൊരു മുതിർന്ന നേതാവ് മാധവ് കുമാർ നേപ്പാളിന് ഒപ്പം 43 പേരും ഉണ്ട്. 138 പേരുടെ പിന്തുണയുണ്ടെങ്കിൽ പ്രധാനമന്ത്രി ശർമ ഒലിക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയും.