ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയുടെ പുതിയ അഡ്വഞ്ചർ ട്വിൻ ബൈക്കുകൾ നിരത്തുകളിൽ എത്തി.ഹോണ്ടയുടെ ഹരിയാനയിലെ ഗുരുഗ്രാമിലെ ഷോറൂമിൽ നിന്നാണ് ആദ്യ ബൈക്ക് നിരത്തിലേക്ക് എത്തിയത്. 2017ൽ അവതരിപ്പിച്ച ആഫ്രിക്ക ട്വിൻ ഹോണ്ടയുടെ ആഗോള നിരയിൽ നിന്നുള്ള മുൻനിര അഡ്വഞ്ചർ ബൈക്കാണിത്. കൂടാതെ, കമ്പനിയുടെ ആദ്യത്തെ 1000 സിസി മേക്ക് ഇൻ ഇന്ത്യ മോഡൽ കൂടിയാണ് ആഫ്രിക്ക ട്വിൻ.
2020 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സ് മാനുവൽ ഗിയർബോക്സിനൊപ്പം ആദ്യമായി ഡിസിടി ട്രാൻസ്മിഷൻ വേരിയന്റുകളിലും തിരഞ്ഞെടുക്കാൻ സാധിക്കും. മാനുവൽ ഗിയർബോക്സ് പതിപ്പിനായി 15.35 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില എന്നാൽ ഡിസിടി പതിപ്പിന് 16.10 ലക്ഷം രൂപയാണ്.
ടോപ്പ് ബോക്സ്, വൈസർ, ക്വിക്ക് ഷിഫ്റ്റർ, മെയിൻ സ്റ്റാൻഡ്, റാലി സ്റ്റെപ്പ്, എഞ്ചിൻ ഗാർഡ്, ഫ്രണ്ട് ഫോഗ് ലൈറ്റ്, വിൻഡ്‌സ്ക്രീൻ എന്നിവ ഉൾപ്പെടുത്തി ഒരു കംപ്ലീറ്റ് പവർ പായ്ക്കായാണ് ഹോണ്ട ഈ പുത്തൻ പുതിയ മോഡലിനെ ഒരുക്കിയിരിക്കുന്നത്. 1084 സിസി പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 7500ആർഎംപിയിൽ 101ബിഎച്ച്പി കരുത്തും 6250 ആർഎംപിയിൽ 105 എൻഎം ടോർക്കും ഉണ്ടാക്കാൻ സാധിക്കുന്നു. ടൂർ, അർബൻ, ഗ്രാവൽ, ഓഫ്-റോഡ് എന്നിങ്ങനെ റൈഡിംഗ് മോഡുകൾക്കൊപ്പം രണ്ട് കസ്റ്റം റൈഡ് മോഡുകളും പുതിയ ബൈക്കിന്റെ സവിശേഷതയാണ്. ഭാരം കുറഞ്ഞ അലുമിനിയം സിലിണ്ടർ സ്ലീവ്, റീഡിസൈൻ ചെയ്ത എഞ്ചിൻ കെയ്സിംഗ് എന്നിവ പുതിയ ആഫ്രിക്കൻ ട്വിന്നിന്റെ ഭാരവും കുറച്ചിട്ടുണ്ട്.