മൂത്ത മകൾക്ക് പ്രായം 65
ലണ്ടൻ : ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ മുൻ മേധാവിയും ബ്രിട്ടീഷ് വ്യവസായപ്രമുഖനുമായ ബെർണി എക്ലസ്റ്റോൺ 89-ാം വയസിൽ വീണ്ടും അച്ഛനായി. എക്ലസ്റ്റോണിന്റെ 44-കാരിയായ ഭാര്യ ഫാബിയാന ഫ്ളോസി കഴിഞ്ഞ ദിവസം ആൺകുട്ടിക്കാണ് ജന്മം നൽകിയത്. എയ്സ് എന്നാണ് മകന് പേരിട്ടിരിക്കുന്നത്.ഇദ്ദേഹത്തിന്റെ ആദ്യ ആൺകുഞ്ഞാണ് എയ്‌സ്.
തന്റെ മൂന്നാം ഭാര്യയായ ഫ്ളോസിയിൽ ബെർണിക്ക് ജനിക്കുന്ന ആദ്യത്തെ കുഞ്ഞാണ് എയ്സ്.
ഇവി ബാംഫോർഡ്, സ്ലാവിസ റാഡിച്ച് എന്നീ മുൻ ഭാര്യമാരിലായി എക്ലസ്റ്റോണിന് മൂന്നു മക്കളുണ്ട്. ഇതിൽ മൂത്തയാളായ ഡെബോറയ്ക്ക് 65 വയസുണ്ട്.ടമാര, പെട്ര എന്നിവരാണ് ഇദ്ദേഹത്തിന്റെ മറ്റ് പെൺമക്കൾ. അഞ്ചു കൊച്ചുമക്കളും ഇദ്ദേഹത്തിനുണ്ട്. അടുത്തിടെ ഒരു കൊച്ചുമകനും പിതാവായതോടെ നാലു തലമുറകളായി.
1958-ൽ കാർ ഡ്രൈവറായാണ് എക്ലസ്റ്റോൺ ഫോർമുല വൺ ടൂർണമെന്റിലെത്തുന്നത്. ആ റോളിൽ തിളങ്ങാനായില്ല. പിന്നീട് ഒരു ടീമിന്റെ ഉടമയായി. 2017-ൽ പുറത്താക്കപ്പെടുന്നതുവരെ 40 വർഷക്കാലത്തോളം ഫോർമുല വൺ മേധാവിയായിരുന്നു ഇദ്ദേഹം.
ഫോർമുല വണ്ണിനെ ഇന്നു കാണുന്ന തലത്തിലേക്ക് വളർത്തിയെടുത്ത ഭരണകർത്താവായാണ് ബെർണി അറിയപ്പെടുന്നത്. കാറോട്ട രംഗത്ത് ഇപ്പോഴും വൻ സ്വാധീനശക്തിയായ ബെർണി അടുത്തിടെ വർണവെറിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായിരുന്നു.