പ്യോഗ്യാംഗ്: കൊവിഡിനെ ഫലപ്രദമായി നേരിടുന്നതിൽ ഉത്തര കൊറിയയെ പ്രശംസിച്ച് ഭരണാധികാരി കിം ജോംഗ് ഉൻ.രാജ്യത്തിന്റത് തിളങ്ങുന്ന വിജയമെന്നാണ് കിം പ്രശംസിച്ചത്. ഉത്തരകൊറിയൻ മാദ്ധ്യമമായ കെ.സി.എൻ.എയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലോകരാജ്യങ്ങളിൽ വൈറസ് വ്യാപനം തുടങ്ങിയ ശേഷം ഉത്തര കൊറിയയുടെ അതിർത്തികൾ അടച്ച് ജനങ്ങളെ ഐസോലേഷനിലാക്കി ആറ് മാസത്തിനു ശേഷമാണ് കിമ്മിന്റെ പ്രതികരണം.
കൊവിഡ് എന്ന മാരകമായ വൈറസിന്റെ കടന്നുകയറ്റം പൂർണമായും തടയാൻ സാധിച്ചു. ലോകമെമ്പാടും ആരോഗ്യ പ്രതിസന്ധി രൂക്ഷമായിരിക്കെ രാജ്യത്ത് സ്ഥിരമായി കൊവിഡ് വിരുദ്ധ സാഹചര്യം നിലനിറുത്താനായി - കിം പറഞ്ഞു.
പാർട്ടി സെൻട്രൽ കമ്മിറ്റിയുടെ ദീർഘവീക്ഷണവും നിർദ്ദേശങ്ങൾക്കനുസരിച്ച് നീങ്ങിയ ജനങ്ങളുമാണ് കൊവിഡിനെതിരെയുള്ള തിളക്കമാർന്ന വിജയം സമ്മാനിച്ചതെന്ന് കിം പറഞ്ഞു. അയൽരാജ്യങ്ങളിൽ കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ പരമാവധി ജാഗ്രത പുലർത്തണമെന്ന് കിം ഊന്നിപ്പറഞ്ഞു.
അതേസമയം, പകർച്ചവ്യാധി വിരുദ്ധ നടപടികളിൽ അയവ് വരുത്തിയാൽ സങ്കൽപ്പിക്കാനാകാത്തതും പരിഹരിക്കാനാകാത്തതുമായ പ്രതിസന്ധിക്കിടയാക്കുമെന്ന് കെ.സി.എൻ.എ പറഞ്ഞു. എന്നാൽ, ഉത്തര കൊറിയയിൽ കൊവിഡ് രൂക്ഷമായി വ്യാപിച്ചെന്ന് ആഗോള മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.