jwalamukhi-temple

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്തർ സന്ദർശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ജ്വാലാമുഖി ക്ഷേത്രം. ഹിമാചൽ പ്രദേശിലെ കാങ്ഗ്രാ ജില്ലയിലെ ധർമ്മസ്ഥലിൽ നിന്നും അൻപത്തിയഞ്ച് മീറ്റർ അകലെയാണ് 51 ശക്തിപീഢങ്ങളിൽപെടുന്ന ജ്വാലാമുഖി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഏറ്റവും തേജസുള്ള ഒമ്പത് ശക്തിപീഢങ്ങളിൽ ഉൾപ്പെട്ട ജ്വാലാമുഖി, സതീദേവിയുടെ നാക്ക് വീണ സ്ഥലമെന്നാണ് സങ്കൽപ്പം.

ജ്വാലാമുഖി ദേവിയുടെ വിഗ്രഹത്തിന് താഴെയുള്ള വിടവിൽ നിന്നും നിരന്തരം ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നിയാണ് ഇവിടുത്തെ പ്രത്യേകത. പാറയുടെ വിള്ളലിൽ നിന്നും ഒമ്പത് സ്ഥലത്തു കൂടിയാണ് അഗ്നി ജ്വലിച്ചുകൊണ്ടിരിക്കുന്നത്. ജഗത്ഗുരുവായ ശങ്കരാചാര്യർ ഗഗനാചാരിയായി ഈ ഭാഗത്ത് കൂടി സഞ്ചരിക്കുമ്പോൾ ഘോരമായ വനത്തിൽ നിന്നും ദീപപ്രഭ കണ്ട് ഇവിടെ ഇറങ്ങുകയും ആദിപരാശക്തിയായ ദേവി,​ ആചാര്യഗുരുക്കൾക്ക് ദർശനം നൽകി അനുഗ്രഹിച്ചു എന്നുമാണ് ഐതിഹ്യം.

കലിയുഗത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് ഈ ദിവ്യോർജം താങ്ങാനുള്ള കരുത്തുണ്ടാവില്ലെന്നും അവർ അത് ദുരുപയോഗം ചെയ്യുമെന്നും മനസ്സിലാക്കിയ ആചാര്യഗുരു ഈ ദീപപ്രഭയെ ഒമ്പത് ഭാഗങ്ങളായി ലഘൂകരിച്ചു എന്നും പറയപ്പെടുന്നു. ദക്ഷയാഗത്തിൽ പങ്കെടുക്കാൻ ചെന്നപ്പോഴുണ്ടായ അപമാനത്തിൽ മനംനൊന്ത് സതീദേവി പ്രാണത്യാഗം ചെയ്തതിൽ കുപിതനായ മഹാദേവൻ സംഹാരതാണ്ഡവം ആടിയിരുന്നു.​

ശിവന്രെ കോപം ശമിപ്പിക്കുന്നതിനായി മഹാവിഷ്ണു സതീദേവിയുടെ ശരീരം 51 കഷ്ണങ്ങളാക്കി ഭൂമിയിലേയ്ക്കിട്ടെന്നും,​ ദേവിയുടെ ശരീരഭാഗം വീണ 51 സ്ഥലങ്ങളും പിന്നീട് പുണ്യപവിത്ര ക്ഷേത്രങ്ങളായി മാറിയെന്നും ഐതിഹ്യമുണ്ട്. ഇതിൽ നാക്ക് വീണ സ്ഥലമാണ് ജ്വാലാമുഖി എന്നും വിശ്വാസമുണ്ട്. മഹാവിഷ്ണുവിന്റെ ആയുധത്താൽ നാവ് വീണ് മുറിഞ്ഞ സ്ഥലം ഹിമാലയത്തിലെ ധൗളാധർ എന്ന പർവ്വതപ്രദേശമാണ്. നൂറ്റാണ്ടുകളായി അറിയപ്പെടാതെ കിടന്ന സ്ഥലമായിരുന്നു ഇത്. ഭൂമിചന്ദ്ര എന്ന രാജാവിന്റെ കാലത്ത് ആട്ടിടയന്മാർ ഇവിടെയൊരു ജ്വാല കാണാനിടയായി.

ഇത് രാജാവിനെ അറിയിച്ചപ്പോൾ രാജാവ് നേരിട്ടെത്തി ക്ഷേത്രം പണിയുകയായിരുന്നു. അവിടുത്തെ പ്രതിഷ്ഠയും ജ്വാല തന്നെയാണ്. ഈ ജ്വാല കൂടാതെ ഒമ്പത് ജ്വാലകൂടി അവിടെയുണ്ട്. ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോൾ ഒരു സംഘം വിദഗ്ദ്ധ ജിയോളജി ശാസ്ത്രജ്ഞന്മാരെ ഇവിടെ പരീക്ഷണത്തിനായി നിയോഗിച്ചു. ദീർഘനാളത്തെ പരീക്ഷണത്തിനൊടുവിൽ എണ്ണയുടെയൊ മറ്റ് പ്രകൃതി വാതകങ്ങളുടെയൊ സാന്നിദ്ധ്യം ഈ പ്രദേശത്ത് കണ്ടെത്താനായില്ല.

ബ്രിട്ടീഷ് ഭരണകാലത്തും ഇതു സംബന്ധിച്ച് നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അതൊന്നും ഫലവത്തായില്ല. കത്തി ജ്വലിച്ച് കൊണ്ടിരിക്കുന്ന ദീപത്തിന് പുറമെ ആറടി താഴ്ചയും മൂന്നടി വ്യാസവുമുള്ള എപ്പൊഴും തിളച്ചുകൊണ്ടിരിക്കുന്ന ജലം നിറഞ്ഞ ഒരു കിണറും ഇവിടുത്തെ പ്രത്യേകതയാണ്. യാതൊരു മാദ്ധ്യമത്തിന്റെയും സഹായമില്ലാതെ വശ്യശോഭയോടെ കത്തിനിൽക്കുന്ന ജ്വാലാമുഖി നിരീശ്വരവാദികളുടെ ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും നിലനിൽക്കുന്നു.