ന്യൂഡൽഹി : ശല്യക്കാരനായ വ്യവഹാരിയെപോലെ ചൈനയുടെ പെരുമാറ്റം അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെയെല്ലാം സ്വസ്ഥത കെടുത്തുന്നു. ഇന്ത്യയുമായുള്ള അതിർത്തി തർക്കം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇതേ അവസരത്തിൽ ഒരു തുറമുഖ നഗരത്തിന്റെ പേരിൽ റഷ്യയുമായും ചൈനയുടെ ബന്ധം വഷളാവുന്നുവെന്ന സൂചനയാണ് പുറത്ത്. റഷ്യയുടെ പ്രദേശമായ വ്ലാഡിവോസ്റ്റോക്കിന്റെ 160ാം വാർഷികവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ റഷ്യൻ എംബസി ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ വെയ്‌ബോയിൽ പോസ്റ്റ് ചെയ്തു. ഈ വീഡിയോയാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ചൈനയിൽ രാജവംശം നിലനിന്നിരുന്ന കാലത്ത് 'ഹൈഷെൻവായ്' എന്നറിയപ്പെട്ടിരുന്ന ഈ നഗരം കറുപ്പ് യുദ്ധാനന്തരം ചൈനയ്ക്ക് കൈമോശം വന്നതാണെന്നാണ് ചൈനീസ് പക്ഷം. കറുപ്പ് യുദ്ധത്തിൽ ചൈന പരാജയപ്പെട്ടതോടെ ഈ സ്ഥലം അന്നത്തെ റഷ്യൻ സാമ്രാജ്യം അധീനതയിലാക്കുകയായിരുന്നു എന്നാണ് ചൈനയുടെ വാദം. ചരിത്രത്തിന്റെ ശേഷിപ്പുകളെ കൂട്ടുപിടിച്ച് അതിർത്തിയിൽ തർക്കമുണ്ടാക്കുക എന്നത് ചൈനയുടെ സ്ഥിരം പദ്ധതിയാണ്. റഷ്യയുമായുള്ള അതിർത്തി തർക്കം സോവിയറ്റ് യൂണിയന്റെ കാലത്ത് 1969ൽ യുദ്ധത്തിന്റെ വക്കിലെത്തിയിരുന്നതാണ്. എന്നാൽ പിന്നീട് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു. എങ്കിലും റഷ്യയെ പരിപൂർണമായി വിശ്വസിക്കാത്ത ചൈന അതിർത്തിയിൽ സൈനിക സാന്നിദ്ധ്യം ശക്തമാക്കുന്നതിൽ എക്കാലവും ശ്രദ്ധാലുവാണ്.
ഇന്ത്യയുമായി തർക്കം ഉടലെടുത്തതിന് പിന്നാലെ ഭൂട്ടാനിലും ചൈന അതിർത്തി കൈയ്യേറ്റത്തിന് മുതിർന്നിരുന്നു. നേപ്പാളിന്റെ ഒരു ഗ്രാമം കടന്ന് കയറിയതും വാർത്തയിൽ ഇടം പിടിച്ചിരുന്നു. മേഖലയിൽ അസമാധാനം സൃഷ്ടിക്കുന്നതിൽ ചൈന ഒട്ടും പിന്നോട്ടം പോകില്ല എന്ന സൂചനയാണ് ഇപ്പോഴത്തെ പുതിയ സംഭവ വികാസങ്ങൾ.