cm

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒറ്റദിവസത്തെ രോഗികളുടെ എണ്ണം 200ന് മുകളിൽ. ഇന്ന് സംസ്ഥാനത്ത് 211 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഒറ്റദിവസത്തെ രോഗബാധിതരുടെ എണ്ണം ഇതാദ്യമായാണ് 200 കടക്കുന്നത്. ഇതിൽ 138 പേർ വിദേശത്തുനിന്നും 39 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. അതേസമയം 201 പേർ ഇന്ന് രോഗമുക്തിയും നേടിയിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ സമ്പർക്ക രോഗികളുള്ള ദിവസം കൂടിയാണ്. സമ്പർക്കത്തിലൂടെ 27 പേർക്കാണ് രോഗം വന്നത്.

മലപ്പുറം 35, കോഴിക്കോട് 14, തിരുവനന്തപുരം 17, കൊല്ലം 23, പത്തനംതിട്ട 7, ആലപ്പുഴ 21, കോട്ടയം 14, എറണാകുളം 17, ഇടുക്കി 2, തൃശൂർ 21, പാലക്കാട് 14, കണ്ണൂർ 18, വയനാട് 1, കാസർകോട് 7, എന്നിങ്ങനെയാണ് ഇന്ന് രോഗം വന്നവരുടെ കണക്ക്. രോഗമുക്തി നേടിയവരുടെ എണ്ണം ഇനി പറയുന്നതാണ്. പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, കണ്ണൂർ 13, വയനാട് 10, കാസർകോട് 12,തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂർ 5.

സംസ്ഥാനത്ത് രോഗബാധയുടെ തോത് വർദ്ധിക്കുന്നതായി കൊവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പരിസരത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും രോഗം വന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഇതുമൂലം സെക്രട്ടേറിയറ്റിൽ കർശന നിയന്ത്രണം നിലവിൽ വന്നു.

സംസ്ഥാനത്തെ 14 ജില്ലകളിലും കൊവിഡ് രോഗികളുടെ എണ്ണം കൂടിവരികയാണ്. ഇന്ന് ആറ് സി.ഐ.എസ്.എഫുകാർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് സാഹചര്യം ഗുരുതരമാണ്. പൊന്നാനി താലൂക്കിലും സ്ഥിതി സമാനമാണ്. തിരുവനന്തപുരത്ത് പാറശാല സ്വദേശിക്ക് രോഗം വന്നത് എങ്ങനെയെന്ന് വ്യക്തമല്ല. അദ്ദേഹം വിശദീകരിച്ചു.

അതിർത്തി ഗ്രാമമായ കോഴിവിളയിൽ ഉള്ളയാൾക്കാണ് രോഗബാധ. പൂന്തുറയിൽ കൊവിഡ് സ്ഥിരീകരിച്ചയാളുടെ ബന്ധുവിനും കൊവിഡ് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. സമ്പർക്കത്തിലൂടെ രോഗം വന്നതിൽ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. ഒരു വയസുള്ള കുഞ്ഞിനും സമ്പർക്കത്തിലൂടെ രോഗം വന്നിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മലപ്പുറത്ത് മൂന്നു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം വന്നത്. ഇതിൽ ഒരാളാണ് ആരോഗ്യ പ്രവർത്തക. ഗുരുവായൂരിൽ ഒരു കുടുംബത്തിലെ നാല് പേർക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 7306 സാംപിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 4964 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിനു പുറത്തുനിന്നും വരുന്നവരെഭീതിയോടെ അകറ്റി നിർത്തുകയല്ല വേണ്ടത്. സാമൂഹിക അകലം പാലിച്ച് സംരക്ഷിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം ആളുകളേയും കുടുംബങ്ങളേയും ബോധ്യപ്പെടുത്താൻ സമൂഹം ശ്രമിക്കണം. മുഖ്യമന്ത്രി പറയുന്നു.

വിദേശങ്ങളിൽ നിന്നും മറ്റും സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ സ്വീകരിക്കുകയും അവർക്ക് വേണ്ട കാര്യങ്ങൾ നൽകുകയുമാണ് നമ്മുടെ നാടിന്റെയും നാട്ടുകാരുടെയും ഉത്തരവാദിത്തം. അല്ലാതെ അവരെ വീട്ടിൽ കയറ്റാതിരിക്കുകയും ആട്ടിയോടിക്കുകയുമല്ല വേണ്ടത്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നിലവിൽ ചികിത്സയിൽ കഴിയുന്നത് 2098 പേരാണ്. 1,7,717 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരിൽ 2794 പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 378 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽ പെട്ട 53,922 സാംപിളുകൾ ശേഖരിച്ചു. അതിൽ 59,240 എണ്ണം നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ ഹോട്സ്പോട്ടുകൾ 130.