pic

ഇസ്ലാമാബാദ്: വെള്ളിയാഴ്ച ഉച്ചയ്ക്ക് ഷെയ്ഖ്പുരയ്ക്ക് സമീപം ബസും ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു, മരിച്ചവരിൽ കൂടുതലും സിഖ് തീർഥാടകരാണ്.കറാച്ചിയിൽ നിന്നുള്ള ഷാ ഹുസൈൻ എക്സ്പ്രസാണ് ആളില്ലാ റെയിൽവേ ക്രോസിലൂടെ തീർത്ഥാടകരുമായി പോയ ബസിൽ ഇടിച്ചത്. പെഷവാറിൽ നിന്ന് തീർത്ഥാടകരുമായി വരികയായിരുന്നു ബസ്. അപകടസമയത്ത് 27 പേർ ബസിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരെയും പരിക്കേറ്റവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ജില്ലാ പോലീസ് മേധാവി ഗാസി സലാഹുദ്ദീൻ വാർത്താ ഏജൻസിയോട് പറഞ്ഞു.


ഇന്ന് ഉച്ചകഴിഞ്ഞ് നങ്കാന സാഹിബിൽ നിന്ന് മടങ്ങിയ സിഖ് തീർത്ഥാടകർ ഷെയ്ഖ്പുരയ്ക്കടുത്തുള്ള റെയിൽ‌വേ ക്രോസിലിൽ ഉണ്ടായ അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും, പരിക്കേറ്റവർക്ക് ശരിയായ വൈദ്യസഹായം നൽകാൻ നിർദേശിച്ചുവെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ട്വീറ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിൽ നിന്നുള്ളവരാണ് സിഖ് തീർത്ഥാടകരെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.