devils-kettle

വെള്ളച്ചാട്ടങ്ങൾ കാണാൻ എന്തു ഭംഗിയാണ്. മലയിടുക്കിനെ കുത്തനെ കീറിമുറിച്ചു കൊണ്ട് താഴേക്ക് ചീറിപ്പാഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ പ്രകൃതിയുടെ മനോഹര സൃഷ്ടികളിൽ ഒന്നാണ്. ആരായാലും നോക്കി നിന്നു പോകും. എന്നാൽ അമേരിക്കയിലെ മിനസോട്ടയിലെ 'ഡെവിൾസ് കെറ്റിൽ' എന്ന വെള്ളച്ചാട്ടത്തിന്റെ കാര്യം ഇങ്ങനെയല്ല. കാണാൻ മനോഹാരിതയുണ്ടെങ്കിലും കാണുന്നവരെ കൺഫ്യൂഷനടിപ്പിക്കുക എന്നതാണ് ഈ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. വർഷങ്ങളായി ഏവരെയും അത്ഭുതപ്പെടുത്തുന്ന ഡെവിൾസ് കെറ്റിൽ വെള്ളച്ചാട്ടം സുപ്പീരിയർ തടാകത്തിന്റെ വടക്കായാണ് സ്ഥിതി ചെയ്യുന്നത്. ബ്രൂൾ നദി, ജ‌ഡ്‌ജ് സി.ആർ. മാഗ്നെ സ്റ്റേറ്റ് പാർക്കിൽ വച്ച് വലിയ പാറക്കൂട്ടത്തിൽ നിന്നും സുപ്പീരിയർ തടാകത്തിലേക്ക് പതിക്കുന്നതാണ് ഡെവിൾസ് കെറ്റിൽ.

തടാകത്തിൽ പതിക്കുന്നതിന് തൊട്ടു മുകളിലായി ഒരു പാറയിൽ തട്ടി രണ്ടായാണ് നദി താഴേക്ക് പതിക്കുന്നത്. ഒരു ഭാഗം 50 അടി താഴ്‌ചയിൽ സുപ്പീരിയർ തടാകത്തിലേക്ക് പതിക്കുന്നു. മറ്റേതാകട്ടെ പാറക്കൂട്ടത്തിലെ ഒരു കുഴിയിലേക്കും കടന്നു പേകുന്നു. ഇവിടെയാണ് ട്വിസ്റ്റ്.!

devils-kettle

കുഴിയിലേക്ക് പോകുന്ന ഈ ഭാഗം ശരിക്കും എങ്ങോട്ടു പോകുന്നുവെന്നാണ് ഇപ്പോഴും ഏവരെയും കുഴപ്പിക്കുന്നത്. അങ്ങനെയാണ് നിഗൂഢമായ ഈ ഭാഗത്തിന് ചെകുത്താന്റെ പാത്രം എന്ന അർത്ഥം വരുന്ന ഈ പേര് ലഭിക്കാൻ കാരണം. ജലം കുഴിയിലേക്ക് പോകുന്നുണ്ടെങ്കിലും കുഴി നിറയുന്നതുമില്ല, കവിഞ്ഞൊഴുകുന്നതുമില്ല എന്നതാണ് മറ്റൊരു രസകരമായ കാര്യം.!

ഡെവിൾസ് കെറ്റിലിലേക്ക് പോകുന്ന ജലം ഭൂമിക്കടിയിലൂടെയാകാം ഒഴുകുന്നതെന്ന് ചിലർ പറയുന്നു. എന്നാൽ ഈ ജലം സുപ്പീരിയർ തടാകത്തിന്റെ അടിത്തട്ടിൽ തന്നെ എവിടെയോ എത്തുന്നുണ്ടെന്നാണ് മറ്റു ചിലരുടെ വാദം. നിരവധി സാദ്ധ്യതകൾ നിരത്തുന്നുണ്ടെങ്കിലും സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന ഡെവിൾസ് കെറ്റിൽ വെള്ളച്ചാട്ടത്തിലെ യഥാർത്ഥ രഹസ്യം ഇന്നും അജ്ഞാതമാണ്.