ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ റെയ്ഡിനിടെ അക്രമികൾ നടത്തിയ വെടിവയ്പ്പിൽ എട്ടു പൊലീസുകാർ കൊല്ലപ്പെട്ടു. ഡി.വൈ.എസ്.പി ദേവേന്ദ്ര മിശ്രയടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. 12ഓളം പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. 60ഓളം കേസുകളിൽ പ്രതിയായ വികാസ് ദുബെയെ തേടിയെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. കാൺപൂർ ദേഹട്ടിലെ ശിവ്‌ലി പൊലീസ് സ്‌റ്റേഷൻ പ്രദേശത്തെ ബ്രികു ഗ്രാമത്തിലാണ് പൊലീസ് സംഘം റെയ്ഡ് നടത്തിയത്. വികാസ് ദുബെയെ പിടികൂടാനായി പൊലീസ് ഗ്രാമത്തിലെത്തുമ്പോൾ വലിയൊരു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിൽ ഗതാഗതം തടസപ്പെടുത്തുകയായിരുന്നു. ഇതോടെ പൊലീസുകാർ വാഹനത്തിൽനിന്ന് പുറത്തിറങ്ങി. ഉടൻ തന്നെ കെട്ടിടങ്ങളുടെ മുകൾ നിലയിൽ ഒളിച്ചിരിക്കുകയായിരുന്ന കുറ്റവാളികൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
2001-ൽ ശിവ്‌ലി പൊലീസ് സ്‌റ്റേഷനിൽ വച്ച് മുൻ മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദുബെ. രാജ്‌നാഥ് സിംഗ് സർക്കാരിൽ മന്ത്രിയായിരുന്നു സന്തോഷ് ശുക്ല.
വെടിവയ്പ്പിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. ഫോറൻസിക് ടീമടക്കമുള്ളവർ പരിശോധന നടത്തിവരികയാണ്. സംഭവത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോർട്ട് തേടി. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശം നൽകി.