ശ്രീനഗർ: സി.ആർ.പി.എഫ് ജവാനെയും ആറു വയസുകാരനെയും ശ്രീനഗറിൽ വെടിവച്ചു കൊലപ്പെടുത്തിയ ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തി. സാഹിദ് ദാസ് എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. പ്രത്യേക സംഘവും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ ദൗത്യത്തിനിടെയാണ് സാഹിദ് കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച ശ്രീനഗറിലെ അനന്ത് നാഗിലുണ്ടായ ഏറ്റുമുട്ടലിനിടെ സി.ആർ.പി.എഫ് ജവാനെയും ആറ് വയസുകാരനെയും കൊലപ്പെടുത്തിയത് സാഹിദ് ദാസ് ആണ്. വ്യാഴാഴ്ച രാത്രി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് സാഹിദ് ദാസ് കൊല്ലപ്പെട്ടത്. ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ട് ഭീകരരെയും വധിച്ചു.
ട്വിറ്ററിലൂടെയാണ് സാഹിദിനെ വധിച്ചവിവരം പൊലീസ് പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച അനന്ത്‌നാഗിൽ വച്ചാണ് ജവാനും നിറുത്തിയിട്ടിരുന്ന കാറിൽ ഉറങ്ങുകയായിരുന്ന നിഹാൻ ബട്ടും(6) ഇയാളുടെ തോക്കിനിരയായത്. ബൈക്കിലെത്തിയ സാഹിദ് നിഹാന് നേർക്ക് വെടിവയ്ക്കുകയായിരുന്നു. സംഭവം നടന്നതിന് തൊട്ടുപിന്നാലെ പൊലീസ് സാഹിദിന്റെ ഫോട്ടോ പുറത്തുവിട്ടിരുന്നു. ഐ.എസ്.ജെ.കെ എന്ന ഭീകരസംഘടനയിലെ അംഗമാണ് സാഹിദ്.