ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് മാറ്റിവെച്ചു. ജൂലായ് 26ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. പരീക്ഷ സെപ്തംബർ 13ന് നടത്തുമെന്ന് കേന്ദ്ര മാനവിഭവ ശേഷി മന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചു.
എൻജിനീയറിംഗ് പ്രവേശനത്തിനുളള ജെ.ഇ.ഇ മെയിൻ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. ഈ പരീക്ഷകൾ സെപ്തംബർ ഒന്നുമുതൽ ആറുവരെ നടക്കുമെന്ന് രമേശ് പൊഖ്രിയാൽ അറിയിച്ചു. ജൂലായ് 18 മുതൽ 23 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ സെപ്തംബർ 27ന് നടക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികളുടെ സുരക്ഷയും ഗുണമേന്മയുളള പഠനവും ഉറപ്പുവരുത്താനാണ് നീട്ടിവെച്ചതെന്നും മന്ത്രി വ്യക്തമാക്കി.
പരീക്ഷകൾ നടത്താൻ കഴിയുമോ എന്ന് പരിശോധിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടറുടെ അദ്ധ്യക്ഷതയിലുളള സമിതിയാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്.