മുംബയ്: സ്ത്രീ ശരീരങ്ങളെ ഇത്രത്തോളം മനസിലാക്കിയ നൃത്ത സംവിധായിക വേറെ ഇല്ലെന്ന് പ്രശസ്ത ഛായാഗ്രാഹകൻ മധു അമ്പാട്ട് തന്റെ ഫേസ്ബുക്കിൽ സരോജ് ഖാനെ കുറിച്ച് അനുസ്മരിച്ചത് വെറുതേയല്ല. സരോജ് ഖാന്റെ പ്രശസ്ത നൃത്തഗാനങ്ങൾ എടുത്തു നോക്കിയാൽ അത് കൃത്യമായി മനസിലാകും. ലോക സുന്ദരിയായിരുന്ന ഐശ്വര്യ റായി വീണ്ടും സുന്ദരിയായ ചിത്രമാണ് ദേവദാസെന്ന് ആരാധകർ നിസംശയം പറയും. അതിലെ 'ഡോലാരേ' എന്ന ഗാനം ഐശ്വര്യയും മാധുരി ദീക്ഷിതും തമ്മിലുള്ള നടന മത്സരമായി പ്രേക്ഷകർക്ക് തോന്നിച്ചെങ്കിൽ അത് സരോജ് ഖാന്റെ കഴിവാണ്. തേസാബിലെ 'ഏക് ദോ തീൻ' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ മാധുരി പ്രേക്ഷക മനസിൽ ചിര പ്രതിഷ്ഠ നേടിയതും സരോജിന്റെ ചുവടുകളുടെ നിപുണതയാണ്. ശ്രീദേവിയുടെ കരിയറിലെ സൂപ്പർ ഹിറ്റ് ചിത്രം മിസ്റ്റർ ഇന്ത്യയിൽ 'ഹവാ ഹവായി' എന്ന ഗാനത്തിന് നൃത്താവിഷ്ക്കാരമൊരുക്കിയത് സരോജായിരുന്നു. ശ്രീദേവിയെ താരമാക്കിയതിൽ ഈ ഗാനരംഗത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. 'നാഗിന' എന്ന ചിത്രത്തിനു വേണ്ടി 'മേം നാഗിനി തൂ സപേര' എന്ന സെമി ക്ളാസിക്കൽ ഡാൻസ് ആണ് ശ്രീദേവിക്കായി സരോജ് ഒരുക്കിയതാണ് മി. ഇന്ത്യയിലേക്ക് വഴിതുറന്നത്. പുതിയ തലമുറയിലെ നൃത്ത സംവിധായകർക്കും ഉപദേശങ്ങൾ നൽകുന്നതിൽ സരോജ് ഒരു മടിയും കാട്ടിയിരുന്നില്ല. ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങൾ മുഴുവൻ സരോജ് ഖാൻ മറന്നത് തന്റെ നൃത്തത്തിലൂടെയായിരുന്നു. വിവാഹത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ സരോജ് ചിരിച്ചുകൊണ്ട് മറുപടി നൽകിയത് ഇങ്ങനെ " അന്ന് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം. ഒരു ദിവസം സോഹൻലാൽ മാസ്റ്റർ എന്റെ കഴുത്തിലൊരു കറുത്ത ചരട് കെട്ടി. അങ്ങനെ ഞാൻ ഭാര്യയായി". അത് ചെറിയ ചിരിയോടെയാണ് പറഞ്ഞതെങ്കിലും തുടർന്നുള്ള ജീവിതത്തെക്കുറിച്ച് പറയുമ്പോൾ തൊണ്ട ഇടറിയിരുന്നു. പതിനാലാം വയസിൽ അമ്മയായി. ഭർത്താവ് ചെയ്ത ചതിയറിഞ്ഞ് ഒരിക്കൽ എല്ലാം പൊട്ടിച്ചെറിഞ്ഞെങ്കിലും ഒരു അവസരം കൂടി നൽകി. അതിലും പിഴവുണ്ടായി എന്ന് ബോധ്യപ്പെട്ടപ്പോൾ മക്കളെ സിംഗിൾ മദറായി നിന്ന് വളർത്താൻ തീരുമാനിച്ചു. എല്ലാം നൃത്തത്തിനായി സമർപ്പിച്ചു.