ചെന്നൈ : തമിഴ്‌നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്ന് 4,329 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,02,721 ആയി. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 64 പേർ സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതുവരെ 1,385 പേരാണ് തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
58,378 പേർ ഇതുവരെ രോഗമുക്തരായി.
2,357 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിന്നും ഡിസ്ചാർജായത്. തമിഴ്‌നാട്ടിൽ 62.9 ശതമാനം കൊവിഡ് രോഗികളും ചെന്നൈയിലാണ്. ഇതുവരെ 64,689 പേർക്കാണ് ചെന്നൈയിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകളിൽ 330 പേർ ചെങ്കൽപട്ട് ജില്ലയിൽ നിന്നാണ്. മധുരയിൽ 287 പേർക്കും രോഗം സ്ഥിരീകരിച്ചു. ചെന്നൈ, മധുര എന്നിവിടങ്ങൾ ലോക്ക്ഡൗണിൽ തുടരുകയാണ്. ഓഗസ്റ്റോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടക്കുമെന്നാണ് മുന്നറിയിപ്പ്.