sooranad-rajashekharan

ബ്രിട്ടീഷ് കുത്തക ഭീമന്മാരായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ ഉദ്യോഗസ്ഥർക്ക് സെക്രട്ടറിയേറ്റിൽ നിയമനം നൽകാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന രൂക്ഷവിമർശനവുമായി കെ.പി .സി.സി ഉപാദ്ധ്യക്ഷൻ ശൂരനാട് രാജശേഖരൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.

ബ്രിട്ടീഷ് കമ്പനിക്ക് സംസ്ഥാന സർക്കാർ ചുവപ്പ് പരവതാനി വിരിക്കുമ്പോൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യുവജനങ്ങളോട് സർക്കാർ വലിയ ചതി കാട്ടുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

വിദേശ കോർപ്പറേറ്റ് കുത്തക ഭീമന്മാർക്കും, മുതലാളിമാർക്കും, ഇഷ്ടക്കാർക്കും അഴിമതി തമ്പുരാക്കന്മാർക്കുമായി കേരളത്തിൻ്റെ ഭരണം തീറെഴുതി നൽകാനാണ് മുഖ്യന്ത്രി സർക്കാരിൻ്റെ അവസാന വർഷം പോകുന്ന പോക്കിൽ ശ്രമിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ:

'ബ്രിട്ടീഷുകാരെ തുരത്തിയോടിച്ച് സ്വതന്ത്ര്യം നേടിയ രാജ്യമാണ് നമ്മുടേത്.
ബ്രിട്ടീഷ് കുത്തക ഭീമന്മാരായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ ഉദ്യോഗസ്ഥർക്ക് സെക്രട്ടറിയേറ്റിൽ നിയമനം നൽകാനുള്ള ശ്രമത്തിലാണ് നമ്മുടെ സംസ്ഥാനം ഭരിക്കുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി.

സംസ്ഥാന ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ 4 ഉദ്യോഗസ്ഥരെ പ്രതിമാസ ശമ്പളം 12.36 ലക്ഷം രൂപയ്ക്ക് നിയമിക്കാൻ പോകുന്ന കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ടത് ഞെട്ടലോടെയാണ് നമ്മുടെ നാട് കേട്ടത്.

'ഭരണത്തിൻ്റെ അവസാന നാളിൽ ഇ-ബസിൻ്റെ മറവിൽ അഴിമതി നടത്താൻ സെക്രട്ടറിയേറ്റിൽ ബ്രിട്ടീഷ് കമ്പനിയിലെ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.'

മുതലാളിത്ത കമ്പനികളോടും,മുതലാളിത്ത രാജ്യങ്ങളോടുമുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ പാർട്ടി കോൺഗ്രസ് നയരേഖകൾ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ബാധകമാവാത്തതിൻ്റെ കാരണം പാർട്ടി അണികളോടെങ്കിലും കുറഞ്ഞപക്ഷം വിശദീകരിക്കേണ്ടതാണ്.

ബ്രിട്ടീഷ് കമ്പനിക്ക് ഭരണസ്ഥിരാ കേന്ദ്രത്തിൽ പരവതാനി വിരിക്കുകയും, എന്നാൽ രാവുകൾ പകലാക്കി കഷ്ടപ്പെട്ട് പഠിച്ച് സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന ലക്ഷണക്കിന് നിസ്സഹായരായ ഉദ്യോഗാർത്ഥികളോട് 'കടക്ക് പുറത്ത് 'എന്ന് ആക്രോശിക്കുകയുമാണ് മുഖ്യമന്ത്രിയും സർക്കാരും ചെയ്യുന്നത്.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമനം നടക്കുന്നത് 5 മുതൽ 10 ശതമാനം മാത്രമാണ്... !


കഴിഞ്ഞ 3 മാസത്തിനിടെ മാത്രം 175 പി.എസ്.സി റാങ്ക് ലിസ്റ്റുകളാണ് നിയമനം നടക്കാതെ കാലഹരണപ്പെട്ടത്.
കഷ്ടപ്പെട്ട് പഠിച്ച് ആരുടെയും ശുപാർശ ഇല്ലാതെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ കയറി കൂടുന്ന സാധാരണക്കാരായ യുവജനങ്ങളെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താതെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ തുടർച്ചയായി സ്വീകരിച്ചുവരുന്നത്.

എന്നാൽ മറുവശത്ത് വേണ്ടപ്പെട്ടവർക്ക് പിണറായി വാരിക്കോരി പിൻവാതിൽ നിയമനങ്ങളും,കരാർ നിയമനങ്ങളും വ്യാപകമായി നടത്തുകയാണ്.മന്ത്രി പുത്രനെ വലിയ ശമ്പളത്തിൽ നിയമിച്ചതും മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന 12 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും ഇതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ്.

പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യുവജനങ്ങളോടുള്ള ഏറ്റവും വലിയ ചതിയാണ് ഈ സർക്കാർ തുടർന്നു കൊണ്ടിരിക്കുന്നത്.

വിദേശ കോർപ്പറേറ്റ് കുത്തക ഭീമന്മാർക്കും, മുതലാളിമാർക്കും, ഇഷ്ടക്കാർക്കും അഴിമതി തമ്പുരാക്കന്മാർക്കുമായി കേരളത്തിൻ്റെ ഭരണം തീറെഴുതി നൽകാനാണ് മുഖ്യന്ത്രി സർക്കാരിൻ്റെ അവസാന വർഷം പോകുന്ന പോക്കിൽ ശ്രമിക്കുന്നത്.'