rairu

കണ്ണൂർ: സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ മേലൂരിലെ സി. രൈരു നായർ (98) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.

1922 ഫെബ്രുവരി 10ന് കണ്ണൂർ ജില്ലയിലെ പിണറായിയിൽ ഇടത്തരം കർഷക കുടുംബത്തിൽ ജനിച്ച രൈരു നായർ വിദ്യാഭ്യാസ കാലത്ത് സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ആകൃഷ്ടനായി. പതിനഞ്ചാം വയസ്സിൽ വാർധയിലെ ആശ്രമത്തിലെത്തി. ഗാന്ധിജിയും നെഹ്രുവും സുഭാഷ്ചന്ദ്ര ബോസും ഉൾപ്പെടെയുള്ള ദേശീയ സ്വാതന്ത്ര്യ സമര നേതാക്കളുമായി ബന്ധപ്പെട്ട അദ്ദേഹം 1939 ൽ നാട്ടിൽ തിരിച്ചെത്തി. പഠനശേഷം ജ്യേഷ്ഠനും ഐ.എൻ.എ.പ്രവർത്തകനുമായിരുന്ന കെ.പി.എൻ.നായർക്കൊപ്പം മലേഷ്യയിലേക്ക് പോയി. പിൽക്കാലത്ത് കോഴിക്കോട്ട് മലബാർ ഫാർമസി നടത്തി. അവിടെ സി.പി.എം. ഉൾപ്പെടെ ഇടതുസംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. എ.കെ.ജിയും ഇ.എം.എസ്സും മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ള നേതാക്കളുമായും സാമൂഹ്യ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുമായും വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചു.

ധർമടം മേലൂരിൽ ജഡ്ജ് ബംഗ്ലാവെന്നറിയപ്പെടുന്ന വസതിയിലായിരുന്നു താമസം. അച്ഛൻ: തേർളയിൽ രൈരു നായർ. അമ്മ:ചാത്തോത്ത് മാധവിഅമ്മ. ഭാര്യ: നാരായണിക്കുട്ടിയമ്മ. മക്കൾ: പ്രദീപ് (മലേഷ്യ), പ്രവീണ (കോഴിക്കോട്), പ്രസന്ന (ഊട്ടി), പ്രീത (വാഷിംഗ്ടൺ), തനൂജ (ആസ്‌ത്രേലിയ). .

മുഖ്യമന്ത്രി അനുശോചിച്ചു

രൈരു നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തനിക്ക് പിതൃതുല്യനായിരുന്നു രൈരു നായർ. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തിൽ നിന്ന് വർത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്.മനുഷ്യ സ്‌നേഹമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്രയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.