police

ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനത്തിനെതിരെ, നിരോധനാജ്ഞ ലംഘിച്ച് സ്ത്രീകൾ ഉൾപ്പെടെ മുന്നൂറിലധികം പേർ പങ്കെടുത്ത പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.

കെ.എം.എം.എല്ലിലേക്ക് കരിമണൽ കൊണ്ടു പോകുന്ന ലോറികൾ തടഞ്ഞ പ്രതിഷേധക്കാരെ നീക്കാൻ ശ്രമിക്കുന്നതിനിടെ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹയുടെ നേതൃത്വത്തിൽ

സ്ത്രീകളുൾപ്പെടെ 25 പേർ സമീപത്തെ ജലാശയത്തിലേക്ക് ചാടി. ലോറികൾ പൂർണ്ണമായും നീക്കണമെന്നായിരുന്നു ആവശ്യം. നീക്കാമെന്ന് ഡിവൈ.എസ്.പി ജയരാജ് പറഞ്ഞെങ്കിലും സമരക്കാർ പിന്തിരിഞ്ഞില്ല. ആർ.ഡി.ഒ സന്തോഷ്‌കുമാർ നടത്തിയ അനുരഞ്ജന ചർച്ചയെത്തുടർന്ന് ജലസമരം അവസാനിപ്പിച്ചു. രണ്ടര മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ നേതാക്കളുൾപ്പെടെ 200 പേർക്കെതിരെ കേസെടുത്തു.

സ്പിൽവേയുടെ ഇരുകരകളും 10 ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ മുതൽ പൊലീസ് നിയന്ത്രണത്തിലായിരുന്നു. ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ജനകീയ ബാരിക്കേഡ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, കെ.കെ.ഷാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സമരസമിതി ചെയർപേഴ്‌സണുമായ റഹ്മത്ത് ഹാമീദ്, കൺവീനർ കെ.പ്രദീപ്, എം.എച്ച്.വിജയൻ, എസ്.വിനോദ്കുമാർ, എ.കെ.ബേബി എന്നിവർ സംസാരിച്ചു.