lal-jose

കാവ്യ- ദിലീപ് താര ജോഡികളുടെ എക്കാലത്തെയും ഹിറ്റ് ചലച്ചിത്രങ്ങളിലൊന്നാണ് മീശമാധവൻ. മലയാളികളെ അന്നും ഇന്നും ഒത്തിരിയധികം ചിരിപ്പിച്ച സിനിമ. ദിലീപിനെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർത്തിയ ചിത്രമായിരുന്നു മീശമാധവൻ. ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സലീം കുമാര്‍, ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഹനീഫ എന്നീ ഹാസ്യസാമ്രാട്ടുകൾ അണിനിരന്ന സിനിമ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്.

ലാൽ ജോസ് സംവിധാനം ചെയ്ത് രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയിൽ മീശമാധവന്‍ 2002 ലാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇന്ന് ട്രോളന്മാരുടെ പ്രിയപ്പെട്ട ഒട്ടനവധി കഥാപാത്രങ്ങള്‍ സിനിമയിലേതാണ്. സീനുകൾക്കു പിന്നിലെ രസകരമായ ചില അണിയറക്കഥകളും രസികൻ മുഹൂർത്തങ്ങളും പിൽക്കാലത്ത് സൂപ്പർഹിറ്റായി മാറി. ചിത്രത്തിലെ വെടിവഴിപാടും പുരുഷുവും കണി കാണിക്കലും ഇന്ന് ട്രോളർമാരുടെ ഇഷ്ട ഇനങ്ങൾ കൂടിയാണ്. പാട്ടുകളും ഒന്നിനൊന്നു മികച്ചത്. ഇന്നും ടെലിവിഷനിലും യൂട്യൂബിലും മീശമാധവൻ കാണുന്നവരുടെ എണ്ണം കുറവല്ല. ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം ഇന്നേക്ക് 18 വർഷം പിന്നിടുമ്പോഴും ചിത്രത്തിലെ കഥാപാത്രങ്ങളിന്നും പ്രേക്ഷകമനസുകളിലുണ്ട്. ചേക്കെന്ന ഗ്രാമവും കള്ളൻമാധവനെയും ബഗീരധൻപിള്ളയെന്ന ജഗതിയുടെ കഥാപാത്രവും ജനകീയമായിരുന്നു.

meeshamadhavan

ഏറെ കടമ്പകൾ കടന്നാണ് ചിത്രം അന്ന് തിയേറ്ററിലെത്തിയത്. ദിലീപുമായി സംവിധായകൻ ലാൽജോസ് തർക്കത്തിലേ‌‌ർപ്പെട്ട സഭവം വരെ ഉണ്ടായി. മീശമാധവൻ തിയേറ്രറുകളിൽ റിലീസാവുമോ എന്ന കാര്യത്തിൽ സംശയമായിരുന്നെന്നും ലാൽജോസ് വ്യക്തമാക്കിയിരുന്നു.

ലാൽജോസിന്റെ വാക്കുകൾ

അന്ന് മീശമാധവന്റെ ഷൂട്ടിംഗ് മുടങ്ങും എന്ന അവസ്ഥയൊക്കെ ഉണ്ടായിരുന്നു. കുറച്ച് ക്ലാഷും കാര്യങ്ങളും നടന്നു. മീശമാധവന്റെ ഷൂട്ടിംഗിനിടയിലാണ് ദിലീപ് ഒരു നിർമാതാവിന്റെ ചെക്ക് മടങ്ങിയതിന് കേസ് കൊടുത്തിട്ട് ആ നിർമാതാവ് അറസ്റ്റിലായത്. അങ്ങനെ ദിലീപിനെ നിർമാതാക്കളുടെ സംഘടന രണ്ട് വർഷത്തേക്ക് ബാൻ ചെയ്യാൻ തീരുമാനിച്ചു.

ചിങ്ങമാസം എന്നുള്ള പാട്ട് എടുക്കുമ്പോഴാണ് ദിലീപിനെ ബാൻ ചെയ്തുകൊണ്ടുള്ല വാ‌ർത്ത വരുന്നത്. ദിലീപ് നിരാശനായിരുന്നു. ലെെെഫിൽ ഒരുപാട് അഗ്നി പരീക്ഷകൾ മറികടക്കേണ്ടി വരും. എന്നാൽ ഷൂട്ടിംഗ് തുടരാമെന്ന് ഞാൻ പറഞ്ഞു. നിർമാതാക്കളായ സുധീഷും സുബെെറും നാട്ടിൽ എവിടുന്നൊക്കെ കടം വാങ്ങിച്ചിട്ടുണ്ടെന്ന് ദെെവത്തിന് മാത്രമേ അറിയൂ.

സ്വർഗചിത്ര അപ്പച്ചനോടാണ് ഈ സിനിമയുടെ വൺലൈൻ ആദ്യം പറയുന്നത്. അദ്ദേഹം കഥ കേട്ടിട്ട് സംവിധായകൻ സിദ്ദിഖുമായി ചർച്ച ചെയ്യാൻ നിർദേശിച്ചിരുന്നു. സിദ്ദിഖ് സാറും വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. എന്നാൽ, പിന്നീട് സ്വർഗചിത്ര അപ്പച്ചൻ പിൻമാറി. അങ്ങനെയാണ് ഈ ചിത്രം സുധീഷിലേയ്ക്കും സുബൈറിലേയ്ക്കുമെത്തുന്നത്.

meeshamadhavan

സിനിമ തിയേറ്ററിലെത്തിക്കാൻ കാശില്ലാതായപ്പോൾ മീശമാധവന്റെ റൈറ്റ്സ് വിൽക്കാനായി അന്യഭാഷക്കാരെ ചിത്രം കാണിക്കാൻ തീരുമാനിച്ചു. ആ സമയത്ത് മമ്മൂക്കയുടെയും ലാലേട്ടന്റെയും പടങ്ങൾ ഡബ്ബിംഗിനായി തെലുങ്കിലേക്ക് വാങ്ങിക്കാറുണ്ട്. എവിഎം സ്റ്റുഡിയോയിലെ പ്രിവ്യു തിയേറ്ററിലാണ് മീശമാധവൻ ഇവർക്കായി പ്രദർശിപ്പിച്ചത്. തെലുങ്കിലെ മുൻനിര നിർമാതാക്കൾ വന്നിരുന്നെങ്കിലും ആരുംതന്നെ ഒന്നുംപറയാതെ പോയി.

എന്നാൽ അപ്രതീക്ഷിതമായി ശ്രീനിവാസറാവു എന്ന നിർമാതാവ് ഈ ചിത്രം തനിക്കുവേണെമെന്ന് പറഞ്ഞു. ആ കാലത്ത് ദിലീപിന്റെയൊക്കെ പടം 5-6 ലക്ഷത്തിനൊക്കെയാണ് പരമാവധി റെെറ്റ്സ് പോയിരുന്നത്. പത്ത് ലക്ഷം രൂപ തന്നാൽ തരാമെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം അത് സമ്മതിച്ചു. സംഗീത സംവിധായകനുകൊടുക്കാൻ 50000 രൂപ പോലുമില്ലാത്ത സമയമായിരുന്നു അത്.

ആ കാശ് വച്ചിട്ടാണ് സിനിമ റിലീസ് ചെ‌യ്തതും. ആദ്യദിനം പടം കാണാൻ ധൈര്യമില്ലായിരുന്നു. എന്നാൽ ആദ്യ ഷോ കഴിഞ്ഞപ്പോൾ നല്ല റിപ്പോർട്ട് വന്നു. ഇതിനിടയിൽ ദിലീപിനെ ഒന്നുവിളിക്കാമെന്ന് വിചാരിച്ച് ഒരു ബൂത്തിൽ ചെന്നത്.

അവിടെയൊരു സംവിധായകൻ മറ്റൊരു ഫോണിലാണ്. അയാൾ വിളിക്കുന്നതും ദിലീപിനെ. സിനിമയെക്കുറിച്ച് വളരെ മോശമായാണ് അദ്ദേഹം ദിലീപിനോട് സംസാരിച്ചത്. സിനിമ ലാഗ് ഉണ്ടെന്നും ആക്‌ഷൻ രംഗങ്ങൾ നന്നായില്ലെന്നും അയാൾ പറയുന്നുണ്ടായിരുന്നു. ഇതൊക്കെ കഴിഞ്ഞ് അദ്ദേഹം ബൂത്തിൽ നിന്നും ഇറങ്ങിയപ്പോൾ കാണുന്നത് എന്നെ. അദ്ദേഹത്തിന്റെ മുഖം ഒന്ന് മഞ്ഞച്ചു.

പിന്നീട് ഞാൻ ദിലീപിനെ വിളിച്ചപ്പോൾ തിയേറ്ററിൽ കൂവലുണ്ടെന്ന് ദിലീപ് പറഞ്ഞു. എന്നാൽ ഞാൻ സമ്മതിച്ചില്ല. അങ്ങനെ ഞങ്ങൾ തമ്മിൽ ചെറിയവാക്ക് തർക്കവും ഉണ്ടായി. അന്ന് ശ്രീകുമാർ തിയേറ്ററിലെ ഓപ്പറേറ്റർ എന്നോട് പറഞ്ഞു, ‘എന്തിനാണ് സാർ ഈ സീൻ കട്ട് ചെയ്യുന്നത്, ഇത് നൂറുദിവസം ഓടാൻ പോകുന്ന സിനിമയാണ്. ആളുകൾ വളരെ സന്തോഷത്തോടെയാണ് സിനിമ കണ്ടിറങ്ങുന്നത്.’ -ഇനി ആരുപറഞ്ഞാലും ആ സീൻ കട്ട് ചെയ്യില്ലെന്ന് ഞാൻ തീരുമാനിച്ചു. ദിലീപ് പിന്നീട് സൂപ്പർസ്റ്റാറായി. അതുവരെ നടനായിരുന്ന ദിലീപ് താരമായി വളർന്നത് മീശമാധവനിലൂടെയാണ്-ലാൽ ജോസ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.