ന്യൂഡൽഹി: ഗൽവാനിലെ ഇന്ത്യ- ചൈന സംഘർഷത്തിന് പിന്നാലെ ചെെനയുടെ കടന്നു കയറ്റത്തിനെതിരെ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഏറ്റവുമൊടുവിലായി ചെെനയ്ക്ക് എതിരെ ജപ്പാനും രംഗത്ത് വന്നു. ഇന്ത്യ- ചെെന നിയന്ത്രണ രേഖയായ എൽ എ സിയിൽ സ്ഥിതിഗതികൾ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമത്തെ എതിർക്കുമെന്ന് ജപ്പാൻ വ്യക്തമാക്കി. കഴിഞ്ഞ വെളളിയാഴ്ചയാണ് ഇന്ത്യയെ അനുകൂലിക്കുന്ന രാഷ്‌ട്രങ്ങളുടെ കൂട്ടത്തിൽ ജപ്പാനും ചേർന്നത്. അമേരിക്ക ഉൾപ്പെടെ ലോകശക്തികൾ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ഇതോടെ ഇന്ത്യ ചെെന വിഷയത്തിൽ ആഗോള തലത്തിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന പിന്തുണ ഏറിവരികയാണ്.
ഇന്ത്യ- ചെെന വിഷയത്തിൽ ലോക രാഷ്‌ട്രങ്ങളുടെ നിലപാട് ഇങ്ങനെ
അമേരിക്ക
ഇന്ത്യ- ചെെന അതിർത്തിയിലെ ചെെനീസ് ആക്രമണത്തെ കുറ്റപ്പെടുത്തി ബുധനാഴ്ച വൈറ്റ് ഹൗസ് രംഗത്തെത്തിയിരുന്നു.പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്കെനാനിയാണ് ഈ കാര്യം പറഞ്ഞത്.ഇന്ത്യ-ചൈന അതിർത്തിയിലെ ചൈനയുടെ ആക്രമണാത്മക നിലപാട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ചൈന നടത്തിയ ആക്രമണത്തിന് സമാനമാണ്.ചെെനയുടെ ഈ പ്രവർത്തനങ്ങൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർത്ഥ സ്വഭാവം സ്ഥിരീകരിക്കുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ചെെനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും യു എസ് അറിയിച്ചു.
ഫ്രാൻസ്
ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറൻസ് പർളി ജൂൺ 29ന് ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന് എഴുതിയ കത്തിൽ ഇന്ത്യ-ചൈന വിഷയത്തിൽ ഇന്ത്യയ്ക്ക് സൗഹൃദപരമായ പിന്തുണ അറിയിച്ചിരുന്നു."സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും രാജ്യത്തിനും എതിരായ കനത്ത പ്രഹരമാണിത്. ഈ പ്രയാസകരമായ സാഹചര്യത്തിൽ ഫ്രഞ്ച് സായുധ സേനയ്‌ക്കൊപ്പം എന്റെ പൂർണപിന്തുണയുണ്ടാകും."പർളി കത്തിൽ വ്യക്തമാക്കി. ഇന്ത്യൻ സമുദ്ര മേഖലയിൽ ഇന്ത്യൻ നാവികസേനയുമായി സംയുക്ത അഭ്യാസങ്ങളും പട്രോളിംഗും വ്യാപിപ്പിക്കാൻ ഫ്രഞ്ച് നാവികസേന തയ്യാറെടുക്കുന്നതിനിടയിലാണ് ഇന്ത്യ- ചെെന സംഘർഷമുണ്ടായത്.
ജപ്പാൻ
ചൈനയുമായുള്ള അതിർത്തിയിലെ പോരാട്ടത്തിൽ ജപ്പാൻ ഇന്ത്യയെ പിന്തുണച്ചു. എൽഎസിയിലെ സ്ഥിതിഗതികൾ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമത്തെ എതിർക്കുന്നു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്ല യുമായുള്ള സംഭാഷണത്തെ തുടർന്നാണ് ജാപ്പനീസ് അംബാസിഡർ സതോഷി സുസുക്കി തന്റെ രാജ്യത്തിന്റെ പിന്തുണ അറിയിച്ചത്.
ഓസ്ട്രേലിയ
നേരത്തെ തന്നെ ഇന്ത്യ-ചൈന വിഷയത്തിൽ ഇന്ത്യയ്ക്ക് അനുകൂല നിലപാടാണ് ഓസ്ട്രേലിയ സ്വീകരിച്ചു വന്നിട്ടുളളത്. ഓസ്‌ട്രേലിയയുടെ 2020 പ്രതിരോധ നയതന്ത്രപരമായ അപ്‌ഡേറ്റും 2024 ഘടന പദ്ധതിയും ബുധനാഴ്ച ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ഇന്ത്യ-ചൈന നിലപാട് പരാമർശിച്ചിരുന്നു. “ഇന്തോ-പസഫിക് മേഖലയിലുടനീളം പ്രദേശിക അവകാശവാദങ്ങളെച്ചൊല്ലിയുള്ള പിരിമുറുക്കം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇന്ത്യയും ചൈനയും, ദക്ഷിണ ചൈനാ കടലും, കിഴക്കൻ ചൈനാ കടലും തമ്മിലുള്ള തർക്കം അതിർത്തിയിൽ രൂക്ഷമാവുകയാണ്.“ ഈ സാഹചര്യത്തിൽ ഓസ്‌ട്രേലിയയുടെ പ്രതിരോധ ബജറ്റിനെ പത്ത് വർഷത്തെ കാലയളവിൽ 270 ബില്യൺ ഡോളറായി അവർ ഉയർത്തി.
യു കെ
ഹോങ്കോംഗിന്റെ പുതിയ സുരക്ഷാ നിയമത്തെ ചൊല്ലി നേരത്തെ തന്നെ ചൈനയും ബ്രിട്ടനുമായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് “അക്രമം ആരുടേയും താൽപ്പര്യത്തിനല്ല” എന്ന് ഇന്ത്യ-ചൈന വിഷയത്തിൽ ബ്രിട്ടൻ നിലപാട് വ്യക്തമാക്കിയത്.ഹോങ്കോംഗ് കരാറിന്റെ വ്യക്തവും ഗുരുതരവുമായ ലംഘനം ചൈന നടത്തിയതായി യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വക്താവ് ചൈനയുമായുള്ള നിലപാട് സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ തങ്ങൾ ചൈനയെയും ഇന്ത്യയെയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.