കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ 'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന ചിത്രത്തിന് എറണാകുളം ജില്ലാ കോടതി വിലക്ക് കൽപിച്ചത്. ഈ സിനിമയ്ക്ക് പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' എന്ന സിനിമയുമായി സാമ്യമുണ്ടെന്ന് കാണിച്ച് തിരക്കഥാകൃത്ത് ജിനു എബ്രഹാം നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രങ്ങളുടെ സാമ്യതകളെക്കുറിച്ചും, കോടതിയെ സമീപിച്ചതിനെപ്പറ്റിയും വെളിപ്പെടുത്തിയിരിക്കുകയാണ് ജിനു എബ്രഹാം. കഴിഞ്ഞ വർഷം ഒക്ടോബർ 16ന് പൃഥ്വിരാജിന്റെ ജന്മദിനത്തിനാണ് കോപ്പിറൈറ്റ് ആക്ട് പ്രകാരം 'കടുവയുടെ' ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. അതിലെ കഥാപാത്രത്തിന്റെ പേരാണ് കടുവാക്കുന്നിൽ കുറുവാച്ചൻ.
'സുരേഷ് ഗോപിയുടെ കടുവാക്കുന്നിൽ കുറുവച്ചന്റെ പോസ്റ്റർ പുറത്തുവന്നപ്പോൾ,കഥാപാത്രങ്ങളുടെ ഗെറ്റപ്പ് ഒരുപോലെ തോന്നി. അന്വേഷിച്ചപ്പോൾ തിരക്കഥയിലും സാമ്യം ഉണ്ട്. ആരോടും വാശികാണിക്കാനല്ല കോടതിയെ സമീപിച്ചത്. സിനിമയുമായി ബന്ധപ്പെട്ട ഡോക്യുമെന്റുകളെല്ലാം കൈമാറി. കോടതിക്ക് ഞങ്ങളുടെ ഹർജിയിൽ കഴമ്പുണ്ടെന്ന് മനസിലായതുകൊണ്ട് സിനിമ സ്റ്റേ ചെയ്ത് ഉത്തരവിറക്കി. 2012 മുതൽ എന്റെ കൂടെയുണ്ടായിരുന്നയാളാണ് ഇപ്പോൾ പ്രഖ്യാപിച്ച സിനിമയുടെ സംവിധായകൻ'-ജിനു പറഞ്ഞു.
പകർപ്പവകാശ ലംഘന നിയമപ്രകാരമാണ് ജിനു കോടതിയിൽ ഹർജി സമർപ്പിച്ചത്. കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകളും കോടതിയിൽ ഹാജരാക്കി. ഇവ പരിഗണിച്ചാണ് ഹർജിയിൽ കോടതി നടപടി സ്വീകരിച്ചത്. സുരേഷ്‌ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ്, സമൂഹമാദ്ധ്യമങ്ങളിലുൾപ്പടെ നടത്തുന്ന പ്രചരണം എന്നിവ തടഞ്ഞാണ് കോടതി നടപടി