death

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഡൽഹി രമേഷ് നഗറിൽ താമസിക്കുന്ന ചെങ്ങന്നൂർ ആല സ്വദേശി ഷാജി ജോണാണ് മരിച്ചത്. ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. 24 ദിവസം ചികിത്സയിലായിരുന്ന ഷാജി രോഗം മാറിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ തിരികെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൃക്ക രോഗത്തിന്റെ പരിശോധനക്ക് എത്തിയ ഷാജിക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തിയപ്പോൾ പോസ്റ്റീവായി.

ഇതോടെ ഷാജിയെ വീണ്ടും എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന പതിമൂന്നാമത്തെ മലയാളിയാണ് ഷാജി.രാജ്യതലസ്ഥാനത്ത് 94,695 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 1904 പേർ മരണത്തിന് കീഴടങ്ങി. അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 22,771 ആയി ഉയർന്നു. 442 പേരാണ് ഒരു ദിവസത്തിനിടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.