botswana-elephants

ബോട്സ്വാനയിൽ ചരിഞ്ഞ 350 കാട്ടാനകൾ

ആഫ്രിക്കയുടെ വടക്കു പടിഞ്ഞാറൻ പ്രദേശത്തുള്ള ബോട്സ്വാനയിൽ 350 ലേറെ ആനകളെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത് കഴിഞ്ഞയാഴ്ചയാണ്. മേയ് ആദ്യമാണ് ഇത്തരത്തിൽ ആനകളുടെ കൂട്ടമരണം ശ്രദ്ധയിൽപ്പെടുന്നതെങ്കിലും കഴിഞ്ഞയാഴ്ചയോടെയാണ് എണ്ണം വർദ്ധിച്ചത്. വേട്ടയ്ക്കിടെ കൊല്ലപ്പെട്ടതിന്റെ ലക്ഷണങ്ങളോ പരിക്കുകളോ ആനകളുടെ ജഡങ്ങളിൽ കണ്ടെത്താനായില്ല. കൊമ്പുകളും നഷ്ടപ്പെട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.മേയിൽ മാത്രം 169 ആനകളെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയതെങ്കിൽ ജൂൺ മദ്ധ്യത്തോടെ ഈ സംഖ്യ ഏകദേശം ഇരട്ടിയായി. വെള്ളക്കെട്ടുകൾക്കു സമീപമാണ് ഇതിൽ 70 ശതമാനത്തോളം ആനകളെയും ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വരൾച്ചാകാരണങ്ങളില്ലാതെ ഇത്തരം ഒരു കൂട്ടമരണം അദ്ഭുതപ്പെടുത്തുന്നതാണെന്ന് യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷനൽ പാർക് റെസ്‌ക്യു എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടർ ഡോ.നീൽ മക്കാൻ പറഞ്ഞു.പല ആനകളുടെയും ജഡം മുഖമടിച്ച് വീണ നിലയിലാണ് കാണപ്പെട്ടത്. അതിനാൽ ആനകളുടെ നാഡികളെ ബാധിക്കുന്ന എന്തെങ്കിലും രോഗമാണോ എന്ന സംശയവും ഉയരുന്നുണ്ട്.

ഒറ്റ രാത്രികൊണ്ട് കോടീശ്വരൻ

നേരം ഇരുട്ടിവെളുത്തപ്പോൾ ടാൻസാനിയയിലെ സാധാരണ ഖനിത്തൊഴിലാളിയായ സനിനിയു ലൈസർ കോടീശ്വരനായി. ടാൻസാനിയയിലെ ഏറ്റവും വലിയ രത്നം കുഴിച്ചെടുത്തതാണ് സനിനിയുവിന്റെ തലവരമാറ്റിയെഴുതിയത്. 9.2, 5.8 കിലോ വീതമുള്ള ഇരുണ്ട വയലറ്റ്, നീല നിറങ്ങളിലുള്ള ടാൻസനൈറ്റ് രത്നക്കല്ലുകളാണ് സനിനിയു കണ്ടെത്തിയത്. ഇതിന് മുമ്പ് ടാൻസാനിയ കണ്ട ഏറ്റവും വലിയ രത്നത്തിന് വെറും 3.3 കിലോ ഭാരമാണുള്ളത്. ഇത് സർക്കാരിന് കൈമാറിയതിന് പിന്നാലെ 774 കോടി ടാൻസാനിയൻ ഷില്ലിംഗ് ( ഏകദേശം 25 കോടിയോളം രൂപ) സർക്കാർ പ്രതിഫലമായി നൽകി. രാജ്യത്ത് രത്നഖനനം ആരംഭിച്ചതിന് ശേഷം കണ്ടെത്തിയ ഏറ്റവും വലിയ അപൂർവ രത്നക്കല്ലുകൾ എന്നാണ് ഖനനമന്ത്രാലയം പ്രതികരിച്ചത്. നാലു ഭാര്യമാരും മുപ്പതിലധികം മക്കളുമുള്ള 'സന്തുഷ്ട' കുടുംബമാണ് സനിനിയുവിന് .

ടിക് ടോക്കിന് ഗുഡ് ബൈ

രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന വിലയിരുത്തലിൽ, ജനപ്രീയ ആപ്പായ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐ.ടി മന്ത്രാലയം നിരോധിച്ചത് കഴിഞ്ഞയാഴ്ചയാണ്.ചൈനയിലുള്ളതോ ചൈനക്കാർക്കു മുതൽമുടക്കുള്ളതോ ആയ കമ്പനികളുടെ ആപ്പുകളാണിവ.ഡേറ്റ സുരക്ഷയും പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്താണ് വിവര സാങ്കേതികവിദ്യാ നിയമത്തിലെ 69എ വകുപ്പുപ്രകാരമുള്ള നടപടി. പാർലമെന്റിലുൾപ്പെടെ ഉന്നയിക്കപ്പെട്ട ആശങ്കയും കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനു ലഭിച്ച പരാതിയും ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയും പരിഗണിച്ചാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.ആൻഡ്രോയ്ഡ് ഐ.ഒ.എസ്. പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ചില ആപ്പുകൾ ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായി വിവരസാങ്കേതിക മന്ത്രാലയത്തിന് വിവിധ തലങ്ങളിൽനിന്ന് പരാതി ലഭിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു.

അധികാരമുറപ്പിച്ച് പുടിൻ

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് 2036 വരെ ഭരണത്തിൽ തുടരാൻ വഴിയൊരുക്കുന്ന ഭരണഘടനാ ഭേദഗതിക്ക് ഹിതപരിശോധനയിൽ അംഗീകാരം.77.9% പേർ ഭേദഗതികൾക്ക് അനുകൂലമായി വോട്ടു ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പ്, പെൻഷൻ, സ്വവർഗ വിവാഹ നിരോധനം തുടങ്ങി ഒട്ടേറെ ഭരണഘടനാ ഭേദഗതികളാണു ഹിതപരിശോധനയ്ക്കു വച്ചത്. 21.3 % പേർ ഭേദഗതികളെ എതിർത്തു. 64 % പേരാണ് വോട്ട് ചെയ്തത്.കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരാഴ്ച നീണ്ടുനിന്ന വോട്ടെടുപ്പ് പ്രക്രിയയാണ് നടന്നത്. പ്രതിപക്ഷത്ത് ഏകോപനമില്ലാത്തതും പ്രചാരണത്തിലെ പാളിച്ചകളും പുടിന് വിജയം എളുപ്പമാക്കി.

ചൈനയിൽ പുതിയ വൈറസ്

ലോകത്ത് കൊവിഡ് പടരുന്നതിനിടെ മറ്റൊരു മാരകമായ വൈറസിനെ ഗവേഷകർ ചൈനയിൽ കണ്ടെത്തി. നിലവിൽ ഭീഷണിയല്ലെങ്കിലും, മനുഷ്യരിലേക്ക് പരരാൻ സാദ്ധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. പന്നികളിലാണ് പുതിയ ഫ്ളൂ വൈറസ് വകഭേദം കണ്ടെത്തിയത്. 'G4 EA H1N1'എന്ന് ഗവേഷകർ വിളിക്കുന്ന പുതിയ വൈറസ് വകഭേദത്തിന്, വ്യതിയാനം സംഭവിച്ച് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പടരാൻ ശേഷി ലഭിച്ചാൽ ആഗോളതലത്തിൽ തന്നെ അത് ഭീഷണി സൃഷ്ടിച്ചേക്കാമെന്ന്, യു എസ് ഗവേഷണ ജേർണലിൽ പറയുന്നു.